സന്നിധാനം : ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹാണ് ഇന്നലെ രാത്രി ഇക്കാര്യം അറിയിച്ചത്. വിവരം ഉച്ചഭാഷിണിയിലൂടെ ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകരെ അറിയിക്കുകയും ചെയ്തു. ശരണം വിളിക്കുന്നതിനും നാമം ജപിക്കുന്നതിനും ഇനി മുതല്‍ വിലക്കുണ്ടാകില്ല. വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികളും അടക്കമുള്ളവര്‍ക്ക് രാത്രിയും പകലും വിരി വയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്.
മണ്ഡലകാലം ആരംഭിച്ചതിന് ശേഷം വലിയ നടപ്പന്തലില്‍ വിരി വയ്ക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. അതേസമയം നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കിയെങ്കിലും പൊലീസ് ജാഗ്രതയില്‍ തന്നെയാണ്. വാവരുനടയിലടക്കം നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതിനുള്ള വിലക്ക് തുടരുമെന്ന നിലപാടിലാണ് പൊലീസ്. കൂടാതെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഇടപെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മണ്ഡലകാലത്തെ തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ രീതിയിലുളള കുറവു വന്നിരുന്നു.കൂടാതെ, വരുമാന നഷ്ടം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇന്നലെ ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തിരുന്നു. അതോടൊപ്പം ദേശീയ ബാലാവകാശ കമ്മീഷന് പത്തനംതിട്ട കളക്ടര്‍ പി ബി നൂഹിനെ സന്നിധാനത്തേക്ക് വിളിച്ചു വരുത്തിയിരുന്നു.
Discussion about this post