ഗുരുവായൂര്‍: കളിക്കാന്‍ വേണ്ടി ഒരു പന്ത് വാങ്ങണമെന്നായിരുന്നു അനുക്തിന്റെയും അവ്യുക്തിന്റെയും ഏറെ നാളായുള്ള ആഗ്രഹം. അതിനായി അവര്‍ സ്‌കോളര്‍ഷിപ്പ് വഴി കിട്ടിയ പണവും വിഷുക്കൈട്ടിനീട്ടവും എല്ലാം സ്വരുക്കൂട്ടി വെച്ചിരുന്നു. എന്നാല്‍ പന്ത് വാങ്ങണമെന്ന ആഗ്രഹം തത്കാലം മാറ്റിവെച്ച് കൈയ്യിലുള്ള ആ കുഞ്ഞു സമ്പാദ്യം കുരുന്നുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തികച്ചും മാതൃകാപരമായ വാര്‍ത്ത അറിഞ്ഞതോടെ കുട്ടികള്‍ക്ക് ഗുരുവായൂര്‍ സ്‌പോര്‍ട് അക്കാദമി പന്ത് സമ്മാനിച്ചു.
പുത്തമ്പല്ലി തലാപ്പുള്ളി ഷൈജുവിന്റെ മക്കളാണ് അനുക്തും അവ്യുക്തും. പന്ത് വാങ്ങാന്‍ വേണ്ടി കൂട്ടിവെച്ച പണം ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. കുട്ടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഗുരുവായൂര്‍ സ്‌പോര്‍ട് അക്കാദമി ഭാരവാഹികള്‍ വീട്ടിലെത്തി അനുക്തിനും അവ്യുക്തിനും പന്ത് സമ്മാനിച്ചു.
കേരളത്തിന്റെ ദുരിതസമയത്ത് താങ്ങാവുകയും മുതിര്‍ന്നവര്‍ക്കുകൂടി മാതൃകയായി മാറുകയും ചെയ്ത കുരുന്നുകള്‍ക്ക് സമ്മാനമായി ആഗ്രഹിച്ച പോലെ തന്നെയുള്ള പന്തുമായാണ് ഗുരുവായൂര്‍ സ്‌പോര്‍ട് അക്കാദമി എത്തിയത്. അക്കാദമി സെക്രട്ടറി സി സുമേഷാണ് ഇവരുടെ വീട്ടിലെത്തി ഫുട്‌ബോള്‍ കൈമാറിയത്. കുട്ടികള്‍ക്ക് അക്കാദമിയുടെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ ചേര്‍ന്ന് പരിശീലനം നേടാനും അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post