തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ലോകമെമ്പാടുമുള്ള മലയാളികളുമായി ഓണ്‍ലൈനിലൂടെ ജനസമ്പര്‍ക്ക പരിപാടി നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ ദിവസം നോര്‍ത്ത് അമേരിക്കന്‍ മലയാളികളുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് നടത്തി. 200ഓളം വരുന്ന പ്രവാസി മലയാളികളുമായാണ് അദ്ദേഹം നേരിട്ട് സംവദിച്ചത്.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലിരുന്നുകൊണ്ടാണ് ഓണ്‍ലൈനിലൂടെയുള്ള ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. സ്വദേശത്തും വിദേശത്തും നിന്നുമായി നിരവധി ആളുകളാണ് അദ്ദേഹത്തെ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചുകൊണ്ട് വിളിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഫേസ്ബുക്ക് പോസ്റ്റില്‍ പരാതി അറിയിക്കുവാന്‍ വീട്ടിലെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി കോളുകളാണ് തേടിയെത്തിയത്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെ വരുന്ന ഫോണ്‍ കോളുകള്‍ക്ക് ഉമ്മന്‍ചാണ്ടി നേരിട്ട് തന്നെയാണ് മറുപടി നല്കുന്നത്.
സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്നവര്‍ക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ അടുപ്പക്കാരെ ഉപയോഗിച്ചാണ് സഹായങ്ങള്‍ എത്തിച്ചുനല്കുന്നത്. ഡല്‍ഹിയിലും, മുംബൈയിലും മറ്റുമായി നിരവധി നഴ്‌സുമാര്‍ സഹായത്തിനായി ഇപ്പോഴും ബന്ധപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.
ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെ സൈനിക നിരീക്ഷണക്യാംപില്‍ കുടുങ്ങിയ നാല്പത്തിമൂന്നു മലയാളി വിദ്യാര്‍ഥികളെ കേരളത്തിലെത്തിച്ചത് മുതല്‍ ഭക്ഷണമില്ലാതെ ബംഗളൂരുവില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ക്ക് പാചകവാതക സിലിണ്ടറും ഭക്ഷണസാധനങ്ങളും എത്തിച്ച് നല്‍കിയതും ഉമ്മന്‍ചാണ്ടി മുന്നിട്ടിറങ്ങിയതിലൂടെയാണ്.
Discussion about this post