തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ ചികിത്സയും മരുന്നും കിട്ടാതെ വലയുന്ന ജനങ്ങള്‍ക്ക് താങ്ങും തണലുമായി മാനുഷം ടീം. ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒറ്റക്കല്ല ഒപ്പമുണ്ട് മാനുഷം എന്ന പദ്ധതിയുടെ ഭാഗമായാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈസഹായവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇവര്‍. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ മരുന്നുകള്‍ സൗജന്യമായി വീടുകളില്‍ എത്തിക്കുകയാണ് ഇവര്‍. കേരളത്തിന്റെ വിവിധ ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തും അവശ്യ മരുന്നുകള്‍ എത്തിയ്ക്കാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്.
ഇതിനോടകം 500 ലധികം പേര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് മാനുഷം വലിയൊരാശ്വാസമായി മാറുകയാണ്. ഈ പദ്ധതിയോടൊപ്പം ഡോക്ടര്‍മാരെ വീടുകളിലെത്തിച്ചു ചികിത്സിക്കുന്നതും നടക്കുന്നുണ്ട്. ഒരാഴ്ച കൊണ്ട് ഇരുനൂറിലധികം പേര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞതായി ടീം അറിയിച്ചു. കോട്ടൂര്‍ ആദിവാസി ഊരുകളില്‍ അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാരെ എത്തിച്ചു ചികിത്സയും മരുന്നും ഉറപ്പാക്കി.
ഇതിനു പുറമെ, ഫിസിയോ തെറാപ്പിസ്റ്റുകളുടെയും, ലാബ് ടെക്നീഷ്യന്മാരുടെയും സൗജന്യ സേവനം മാനുഷം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് മാനുഷം പദ്ധതിക്ക് ഓരോ ദിവസവും ലഭിക്കുന്നത്.
Discussion about this post