പനയറ: ലോക്ക് ഡൗണിന് ശേഷം ഭർത്താവിനും മക്കൾക്കും അരികിലേക്ക് പോകാനായി കാത്തിരുന്ന ലാലിയെ വിധി തട്ടിയെടുത്തു. ഒടുവിൽ അന്ത്യ ചുംബനം പോലും നൽകാനാകാതെ ലാലിയെ യാത്ര അയയ്‌ക്കേണ്ടി വരുമ്പോൾ ഉറ്റവർ കടലിനക്കരെ നിന്നും കണ്ണീർ വാർക്കുകയാണ്. ഇവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് ബന്ധുക്കൾക്കും അറിയില്ല. പനവേലി മടത്തിയറ മഠത്തിലഴികത്ത് റോസ് വില്ലയിൽ മത്തായിക്കുട്ടിയുടെ ഭാര്യയാണ് ലാലി(50). മത്തായിക്കുട്ടി ദീർഘനാളായി ഗൾഫിലാണ്.
ലാലിയെ ഗൾഫിലേക്ക് സ്വീകരിക്കാനായി കുടുംബാംഗങ്ങൾ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. പോകാനുള്ള തയാറെടുപ്പിലുമായിരുന്നു ലാലി. എന്നാൽ അപകടത്തിന്റെ രൂപത്തിൽ മരണം ലാലിയെ തട്ടിയെടുത്തപ്പോൾ അന്ത്യചുംബനം പോലും നൽകാൻ കുടുബാംഗങ്ങൾക്കു കഴിഞ്ഞില്ല. സ്വപ്നങ്ങൾ ബാക്കിയാക്കി ലാലിയെന്ന വീട്ടമ്മ യാത്രയായി. ഈ വിയോഗ വാർത്തയറിഞ്ഞ് നിസ്സഹായരായി കരയാൻ മാത്രമെ ഭർത്താവ് മത്തായിക്കുട്ടി, മക്കളായ മെൽവിൻ, ലീമ മരുമകൻ ശ്യാം എന്നിവർക്ക് സാധിക്കുന്നുള്ളൂ.
പനയറയിലെ കുടുംബവീട്ടിൽ കഴിയുന്ന അമ്മ ഏലിക്കുട്ടിയ്‌ക്കൊപ്പം ഈസ്റ്റർ ചെലവിടാനാണ് ലാലി തിരിച്ചത്. സഹോദര പുത്രൻ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിൽ നിന്നു തല കറങ്ങി വീണ ലാലി പിന്നീട് ഉണർന്നില്ല. കുടുംബ വീടിന് ഏതാനും മീറ്ററുകൾ അകലെ വച്ചായിരുന്നു സംഭവം. ലാലിയുടെ സംസ്‌കാര ചടങ്ങുകൾ നാളെ 11ന് പനവേലി ബഥേൽ മാർത്തോമ്മാ പള്ളിയിൽ വെച്ചാണ് നടത്തുക.
ചടങ്ങുകളെല്ലാം ഓൺലൈൻ വഴി കാണാനേ ഗൾഫിലുള്ള കുടുംബാംഗങ്ങൾ കഴിയൂ. കോവിഡിന്റെ നിയന്ത്രണങ്ങൾ തീർന്ന ശേഷം നാട്ടിലെത്തി ചടങ്ങുകൾ നടത്താമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ വിമാനയാത്ര വൈകുമെന്ന വിവരം ലഭിച്ചതോടെ ബന്ധുക്കൾ ചടങ്ങുകൾ നടത്താൻ അനുമതി നൽകുകയായിരുന്നു.