തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ ഐടി വകുപ്പിന് പിന്തുണയുമായി സംസ്ഥാന നിയമമന്ത്രി എകെ ബാലൻ. വിവരശേഖരണവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനെ കുറിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് ഐടി വകുപ്പാണെന്നും അത് നിയമ വകുപ്പ് അറിയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. വിവരശേഖരണം എല്ലാ വകുപ്പും അറിയേണ്ട കാര്യമില്ല. വിവര ശേഖരണവും അതിന്റെ അപഗ്രഥനവും നടത്തേണ്ടത് ഐടി വകുപ്പാണ്. നിയമ വകുപ്പ് അത് കാണണമെന്ന് ഭരണ വകുപ്പിന് തോന്നിയെങ്കിലേ അത് ആ വകുപ്പിലേക്ക് കൈമാറേണ്ടതുള്ളൂവെന്നും മന്ത്രി എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്ത് വലിയ കൊള്ള നടക്കുന്നതും കോടിക്കണക്കിന് രൂപ ഉണ്ടാക്കുന്നതും ഡാറ്റകൾ വിറ്റിട്ടാണ്. വിവരവുമായി ബന്ധപ്പെട്ടുള്ള വിശദാംശം അറിയാവുന്ന സർക്കാറെന്ന നിലയിലും അതിനു കീഴിലെ ഐടി വകുപ്പെന്ന നിലയിലും അതിനുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും അവർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐടി വകുപ്പ് സ്വീകരിച്ച നടപടിയോട് ഒരു തരത്തിലുള്ള വിയോജിപ്പും സർക്കാറിനില്ല. ശേഖരിച്ച വിവരങ്ങൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സെർവറിലേക്ക് പോയാൽ അപകടമാണെന്ന് പ്രതിപക്ഷം പറഞ്ഞ ഉടനെ തന്നെ അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനായി സർക്കാർ നിയന്ത്രണത്തിലുള്ള സി ഡിറ്റിന്റെ കീഴിലാണ് വിവരങ്ങൾ പരിപൂർണമായും സൂക്ഷിച്ചിട്ടുള്ളത്. ഇനി ഈ വിവരങ്ങൾ പുറത്തു പോയാൽ അതിന് നടപടി എടുക്കുകയല്ലാതെ എന്തു ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് കള്ളനോട്ടടിക്കുന്നില്ലേ, എടിഎമ്മുകളിൽ നിന്ന് പണം പോകുന്നില്ലേ, വാട്സ്ആപ്പിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെ എന്തെല്ലാം വിവരങ്ങൾ അവരെടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ദുരുപയോഗം ചെയ്യാൻ സാധിക്കാത്ത തരത്തിൽ പഴുതടച്ചിട്ടുണ്ടെന്ന് ഐടി വകുപ്പ് പറയുന്നത് വിശ്വസിക്കാതെ എല്ലാ ദിവസവും അതിനെതിരെ കള്ള പ്രചരണം നടത്തിയിട്ട് എന്താണ് കാര്യമെന്നും എകെ ബാലൻ ആരാഞ്ഞു.