ഇടുക്കി: മൂന്നാറില്‍ നിയമലംഘനം വ്യാപകമായതോടെ ലോക്ക് ഡൗണ്‍ ഇളവുകള്‍ ചുരുക്കിയിരിക്കുകയാണ് അധികൃതര്‍. മൂന്നാര്‍ പഞ്ചായത്തില്‍ ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുക. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുക. മാര്‍ക്കറ്റില്‍ തിരക്ക് കുറയ്ക്കുന്നതിനായി മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വ്യത്യസ്ത സമയങ്ങളിലായിരിക്കും പ്രവേശനം അനുവദിക്കുക. ഇതിനായി പാസ് നല്‍കുമെന്നും അടുത്ത ഒരു മാസത്തേക്ക് മുഖാവരണം നിര്‍ബന്ധമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്ന് മൂന്നാറിലെത്തിയ മൂന്ന് പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പച്ചക്കറി വണ്ടിയെന്ന സ്റ്റിക്കര്‍ പതിച്ച മിനിലോറിയിലും വനപാതയിലൂടെയുമാണ് ഇവര്‍ അതിര്‍ത്തി കടന്ന് മൂന്നാറില്‍ എത്തിയത്. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്ന് രണ്ട് പേരും വട്ടവടയില്‍ വനപാതയിലൂടെ അതിര്‍ത്തി കടന്ന് ഒരു യുവാവുമാണ് മൂന്നാറില്‍ എത്തിയത്. ഇവരെ ശിക്ഷക് സദനില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
പച്ചക്കറി വണ്ടിയെന്ന വ്യാജേന അതിര്‍ത്തി കടന്നെത്തിയ മിനിലോറിയില്‍ കോഴിമുട്ടയും തേങ്ങയുമാണ് ഉണ്ടായിരുന്നത്. വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മൂന്നാറിലെ വ്യാപാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സാധനങ്ങള്‍ എത്തിച്ചതെന്നാണ് യുവാക്കള്‍ പറഞ്ഞത്.
Discussion about this post