പമ്പ: അയ്യപ്പസന്നിധിയിലേക്ക് അച്ഛന്റെ മാറോട് ചേര്‍ന്ന് കുഞ്ഞു ദക്ഷയെത്തി, സന്നിധാനത്തെ കൗതുകക്കാഴ്ചയായി പത്തുമാസമായ കുഞ്ഞുമാളികപ്പുറം. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയായ അഭിലാഷ് മൂത്ത മകള്‍ ദൈതയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം ബുധനാഴ്ച സന്ധ്യയോടെയാണ് പമ്പയില്‍ എത്തിയത്.
കുഞ്ഞു ദക്ഷയുടെ സാന്നിധ്യം പമ്പയില്‍ ഭക്തര്‍ ശരണം വിളികളോടെയാണു വരവേറ്റത്. ഗണപതി കോവിലിനു സമീപം തേങ്ങ ഉടച്ച ശേഷം നാഗഅമ്പലത്തിലും, ആദിമൂല ഗണപതി അമ്പലത്തിലും ദര്‍ശനം നടത്തി. പിന്നീട് ഗാര്‍ഡ് റൂമിനു സമീപം എത്തിയ മാളികപ്പുറങ്ങള്‍ അടങ്ങിയ സംഘത്തെ സ്വന്തം നാട്ടുകാരി കൂടിയായ തൃശൂര്‍ റൂറല്‍ വനിതാ എസ്ഐ ഉദയാ ചന്ദ്രികയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പിതാവിന്റെ മാറോടു ചേര്‍ന്നു കിടന്ന ദക്ഷയെ കണ്ടതോടെ സമീപം ഉണ്ടായിരുന്ന വനിതകള്‍ അടക്കമുള്ള മറ്റ് പോലീസ് സേനാംഗങ്ങളും തടിച്ചു കൂടി. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ ബാഡ്ജും നല്‍കിയാണു സന്നിധാനത്തേയ്ക്ക് ഇവരെ യാത്രയാക്കിയത്.
അയ്യപ്പ സന്നിധിയിലെ നേര്‍ച്ചയുടെ ഭാഗമായാണ് ദക്ഷയെ ഒപ്പം കൂട്ടിയതെന്ന് അഭിലാഷ് പറഞ്ഞു. വര്‍ഷങ്ങളായി അയ്യപ്പസന്നിധിയില്‍ മുടക്കം കൂടാതെ അഭിലാഷും കുടുംബവും എത്തുന്നുണ്ട്. അഭിലാഷ് ശരണം വിളിക്കുന്നതിനൊപ്പം ദക്ഷയും ഏറ്റുചൊല്ലുന്നത് കാണാമായിരുന്നു.
Discussion about this post