സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ ഇല്ലാതാകുന്നത് കേരളത്തിലെ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകളെന്ന് വ്യക്തമാക്കി യുവ ഐടി സംരംഭകനും സീവ് സ്ഥാപകനുമായ സഞ്ജയ് നെടിയറ.
‘ഏഷ്യാനെറ്റില്‍ മുഖ്യമന്ത്രിയുടെ IT സെക്രട്ടറി ശിവശങ്കര്‍ സാറുമായുള്ള അഭിമുഖം കണ്ടു. സാങ്കേതികവിദ്യയെ കുറിച്ച് കാര്യമായ അറിയാവില്ലാതെ, ഇത് ചെയ്യാന്‍ ഉള്ള സാഹചര്യം മനസിലാക്കാതെ ഉള്ള ഈ വിവാദങ്ങള്‍ അസ്ഥാനത്താണ്. ഒരുപക്ഷെ ഇങ്ങനെ ഒക്കെ ചെയ്യുന്നത് നമ്മുടെ നാടിനെ തന്നെ നശിപ്പിക്കും. ഇതിലെ വസ്തുതകള്‍ മൂന്നായി തിരിച്ചു പറയാം,
ഒന്ന്, ഇവിടത്തെ ആളുകളുടെ സുരക്ഷാ ഉറപ്പാക്കാന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒരു സംവിധാനം വേണം, ഇനി അത് വലിയ ബുദ്ധിമുട്ടാണ്. കാരണം നമ്മള്‍ വേണം എന്ന് പറഞ്ഞാല്‍ പോലും ലോകോത്തരമായ ഒരു കമ്പനി നമ്മുടെ നാടിനു ഇനി ഒരു സര്‍വീസ് തരുമോ? നമ്മള്‍ക്ക് തന്നെ പപ്പടം കാച്ചി എടുക്കുന്ന പോലെ ഒരെണ്ണം ഉണ്ടാക്കിയാല്‍ പോരെ എന്ന് ചോദിക്കുന്ന എത്രെ പേര്‍ക്കു ഇതിന്റെ സാങ്കേതികമായുള്ള ബുദ്ധിമുട്ട് അറിയാം? ഇവിടത്തെ ആദ്യത്തെ പ്രളയ കാലത് ഗവണ്മെന്റുമായി ചേര്‍ന്ന് പല കാര്യങ്ങളും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അന്ന് ഇവിടത്തെ ചെറുപ്പക്കാര്‍ ഒരു കൂട്ടായ്മയായി ചെയ്ത സോഫ്റ്റ്വെയര്‍ ആണ് നമ്മള്‍ ഉപയോഗിച്ചത്. ഇനി അത് എന്തുകൊണ്ട് ഇപ്പോള്‍ പറ്റില്ല? വളരെ ലളിതമായ ഉത്തരം ആണ്, അന്നത്തേതിന്റെ പതിന്മടങ്ങാന് ഇപ്പോഴത്തെ പ്രശ്‌നം, അല്ലെങ്കില്‍ വരാന്‍ ഉള്ള സാധ്യത ഉണ്ടായിരുന്നു. ഒരുപക്ഷെ ലക്ഷകണക്കിന് ആളുകള്‍ ആശുപത്രികളില്‍ ആകാന്‍ ഉള്ള സാധ്യത ഉണ്ടായിരുന്നു, ലോകത്ത് പല രാജ്യങ്ങളിലും നമ്മള്‍ ഇത് കണ്ടതാണ്. നമ്മുടെ കയ്യില്‍ ഉള്ള സംവിധാനങ്ങള്‍ മാത്രം വച്ച് കൂട്ടിയാല്‍ കൂടില്ല. 2018 ഇല്‍ ഉണ്ടാക്കിയ സോഫ്റ്റ്വെയര്‍ സംവിധാനം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ, സമാനമായ ആവശ്യങ്ങള്‍ ആണല്ലോ എന്നും ചോദ്യം കണ്ടു. വെള്ളപ്പൊക്കം വരുമ്പോള്‍ ഉപയോഗിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ, നാളെ ആറ്റം ബോംബ് ഇട്ടാലും ഇത് തന്നെ പോരെ, രണ്ടും ദുരന്തങ്ങള്‍ ആണല്ലോ എന്ന് പറയുന്ന പോലെ ആണത്. ഇനി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു, എല്ലാം കഴിഞ്ഞു വരുമ്പോള്‍ ഇവിടെ ആളുകള്‍ ബാക്കി വേണ്ടേ?
രണ്ട്, പ്രൈവസി – ഡാറ്റ സെക്യൂരിറ്റി – സെര്‍വര്‍ ഇന്ത്യയില്‍ വേണം, സി-ഡിറ്റ്‌നെ കൊണ്ട് ചെയ്യിക്കണം എന്നൊക്കെ പറയുന്നവര്‍. സര്‍വര്‍ ഒക്കെ ഇന്ത്യയില്‍ വെക്കണം എന്ന് പറയുന്നത് നമ്മുടെ പൈസ ഒക്കെ ബാങ്കില്‍ വയ്ക്കേണ്ട വീട്ടില്‍ വച്ചാല്‍ മതി അതാവുമ്പോ അടുത്താണല്ലോ, അതാണ് കൂടുതല്‍ സുരക്ഷിതം എന്ന് പറയുന്ന പോലെ ഉള്ള വിഡ്ഢിത്തം ആണ്. ഇനി സി-ഡിറ്റ് ചെലപ്പോള്‍ നല്ലതാവാം, പക്ഷെ ഒരു ശെരിയായ ഒത്തു നോക്കല്‍ നടത്തിയതായി എവിടെയും കണ്ടില്ല. ഇപ്പോ നോക്കാന്‍ ഉള്ള സമയവും ഇല്ല. ഇനി ഇതെല്ലം ഫേസ്ബുക്കില്‍ കൂടി പറയുന്നതിലും വലിയ വിരോധാഭാസം എന്താണ്? (എന്റെ അറിവില്‍ കേരളത്തില്‍ ഫേസ്ബുക്കിന്റെ സെര്‍വര്‍ ഒന്നും ഇല്ല.)
മൂന്ന്, ഒരു പക്ഷെ അധികം ആരും പറയാത്ത വലിയ ഒരു ആഘാതം ഉണ്ട്. ഈ വിവാദങ്ങള്‍ കൊണ്ട് വലിയ തിരിച്ചടി നേരിടുന്ന ഒരു മേഖല. ഇന്ത്യയിലെ തന്നെ ഏറ്റവും വിജയസാധ്യതയുള്ള സ്റ്റാര്‍ട്ടപ്പ് മേഖല ആണ് സാസ്. Software as a service. എന്ന് വച്ചാല്‍ നമ്മുടെ ഒരു അപ്ലിക്കേഷന്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം ആയിട്ട്, നമ്മുടെ സെര്‍വറില്‍ നിന്ന് ഉപഭോക്താവിനു ഒരു ചെറിയ നിശ്ചിത ഫീസിന് ഉപയോഗിക്കാന്‍ സാധിക്കും. കേരളത്തിലും വളരെ അധികം സാധ്യത ഉള്ള ഒരു മോഡല്‍ ആണ്. സ്റ്റാര്‍ട്ടപ്പുകളുടെ കൈയില്‍ നിന്ന് നേരിട്ട് ഗവണ്‍മെന്റിന് ഇത്‌പോലെ സോഫ്‌റ്റ്വെയറുകള്‍ വാങ്ങാന്‍ ഉള്ള ഒരു പദ്ധതി ഉണ്ടായിരുന്നു. ഇനി പല സ്റ്റാര്‍ട്ടപ്പുകളും ഇതിനു മടിക്കും, കാരണം ആവശ്യമില്ലാത്ത പുലിവാല് പിടിക്കണ്ടല്ലോ എന്ന് വിചാരിച്ചു . ഒരു ഗവണ്‍മെന്റിനെ ക്ലയന്റ് ആയിട്ട് കിട്ടുന്നത് ഓരോ സ്റ്റാര്‍ട്ടപ്പ്‌നേയും അവരുടെ പ്രോഡക്റ്റ് കൂടുതല്‍ ആളുകളില്‍ എത്താന്‍ സഹായിക്കുന്ന വലിയ ഒരു സാധ്യത ആണ്. അതൊക്കെയാണ് ഇപ്പോള്‍ ഈ തല്ലി കെടുത്തിക്കൊണ്ടിരിക്കുന്നത്.
ഡാറ്റ പ്രൈവസിയും സെക്യൂരിറ്റിയും എല്ലാം വേണം. ഇതെല്ലം വലിയ ചര്‍ച്ചകള്‍ നടക്കേണ്ട വിഷയങ്ങള്‍ ആണ്. GDPR പോലെ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ ഇന്ത്യയില്‍ വരണം. നമ്മുടെ ഡാറ്റ സുരക്ഷിതം ആണെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാല്‍ ഇപ്പോള്‍ ഈ പറയുന്നവരുടെ യഥാര്‍ത്ഥ ആവശ്യം അതാണോ? പ്രൈവസിയുടെ പേരും പറഞ്ഞു രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് സത്യത്തെ വളച്ചൊടിക്കുമ്പോള്‍ നഷ്ടം സാധാരണക്കാരനാണ്. ഈ നാടിന്റെ സുരക്ഷയാണ് പകരം കൊടുക്കേണ്ടി വരുന്നത്’.
Discussion about this post