പാലക്കാട്: പൂപറിക്കാന്‍ പോകിടാമോ ‘ അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരറ്റ പാട്ട് കൊണ്ട് തന്നെ പ്രശസ്തയായ ഗായിക നഞ്ചിയമ്മയോട് ഒരു പാട്ട് പാടാന്‍ മന്ത്രി അപേക്ഷിച്ചപ്പോള്‍ മനസ്സറിഞ്ഞു തന്നെ നഞ്ചിയമ്മ പാടി .ഒപ്പം താളം പിടിച്ച് മന്ത്രിയും സദസ്സും.
അട്ടപ്പാടി അഗളിയിലെ ഐടിഡിപി ഓഫീസിലെ കൊവിഡ് അവലോകന യോഗം കഴിഞ്ഞ് മടങ്ങും വഴി ‘നക്കുപ്പതി പിരിവ് ‘ ഊരില്‍ മന്ത്രി എകെ ബാലന്‍ സന്ദര്‍ശിച്ചു. അവിടെയുള്ള ആദിവാസി സഹോദരങ്ങളോടൊക്കെ കുശലാന്വേഷണം നടത്തിയ മന്ത്രി. അവിടെ വെച്ചാണ് ഗായിക നഞ്ചിയമ്മയെ കണ്ടതും സംസാരിച്ചതും.
ആദിവാസി ജനവിഭാഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നഞ്ചിയമ്മ മന്ത്രിയോട് സംതൃപ്തി പ്രകടിപ്പിച്ചു. എല്ലാവരുടെയും ഹൃദയങ്ങളെ കീഴ്‌പ്പെടുത്തിയ ആ പാട്ട് പാടാന്‍ മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സന്തോഷത്തോടെ പാടുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണത്തിന്റെ ഭാഗമായി ഓരോ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നതിനിടയില്‍ നഞ്ചിയമ്മയുടെ മനോഹരമായ പാട്ട് ആശ്വാസമായിരുന്നു എന്ന് മന്ത്രിയും അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് മന്ത്രി എകെ ബാലന്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിച്ചത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോള്‍ ആദ്യഘട്ടം മുതല്‍ സര്‍ക്കാര്‍ ആദിവാസി ഊരുകളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതില്‍ മന്ത്രിയും സര്‍ക്കാരും വിജയിച്ചു എന്ന് തന്നെയാണ് ഊരുകളിലെ അഭിപ്രായം . ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുന്നതിനാണ് അട്ടപ്പാടിയില്‍ മന്ത്രിയും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയത്.
Discussion about this post