അമ്മമ്മയുടെ അടുത്തേയ്ക്ക് പോയി, പിന്നാലെ ലോക്ക് ഡൗണ്‍; അമ്മയെ കാണണമെന്ന രണ്ട് വയസുകാരിയുടെ ശാഠ്യത്തിന് മുന്‍പില്‍ തോറ്റ് ലോക്ക് ഡൗണും, സ്‌നേഹ സമരത്തില്‍ അയഞ്ഞ് പോലീസും

തലശ്ശേരി: കൊറോണ വൈറസ് വ്യാപനവും തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ലോക്ക് ഡൗണും നിയന്ത്രണവും രണ്ട് വയസുകാരിയായ സാഷിയുടെ മുന്‍പില്‍ തോറ്റ് മുട്ടുകുത്തേണ്ടി വന്നു. അമ്മയെ കാണണമെന്ന പിടിവാശിക്ക് മുന്‍പിലാണ് ലോക്ക് ഡൗണും എന്തിന് പോലീസിന് വരെ അയഞ്ഞ് കൊടുക്കേണ്ടി വന്നത്.

അമ്മയെ കാണണമെന്ന പിടിവാശിയില്‍ നില്‍ക്കുന്ന അഷിയെ പോലീസുകാരുടെ സഹായത്തോടെ തലശ്ശേരിയില്‍ നിന്ന് ചാവക്കാട് പേരകത്തെ വീട്ടിലേക്ക് കുട്ടിയെ എത്തിച്ചു. ചാവക്കാട് പേരകം തയ്യില്‍ സുബീഷിന്റെയും നീതുവിന്റെയും മകളാണ് സാഷി. പാലക്കാട്ടെ ഒരു ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജീവനക്കാരിയാണ് നീതു. ഇവരുടെ വീട് തലശ്ശേരി തിരുവങ്ങാട്ടാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് നീതുവിന്റെ അമ്മ പുഷ്പലത പേരകത്തെ വീട്ടില്‍ നിന്ന് കുട്ടിയെ കൂട്ടികൊണ്ട് പോയത്.

പാലക്കാട് നിന്ന് നീതു തലശ്ശേരിയിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ തകിടം മറിക്കുകയായിരുന്നു. ഒരാഴ്ച കുട്ടി അമ്മൂമ്മയോടൊപ്പം കഴിഞ്ഞു. എന്നാല്‍ പിന്നീട് അങ്ങോട്ട് അമ്മയെ കാണണമെന്ന് ഒറ്റ വാശിയില്‍ നില്‍ക്കുകയായിരുന്നു സാഷി.

ആര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായതിനാല്‍ കരഞ്ഞ് തളരുകയായിരുന്നു സാഷി. പിന്നാലെ ഭക്ഷണവും കഴിക്കാതെയായി. ലോക്ക്ഡൗണ്‍ പിന്നെയും നീട്ടിയതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയെ സമീപിക്കുന്നത്. അദ്ദേഹം കുട്ടിയുടെ അച്ഛന്‍ സുബീഷിന് കത്തു നല്‍കി..’രണ്ടു വയസ്സുകാരിയെ അമ്മയുടെ അടുത്ത് എത്തിക്കാന്‍ അച്ഛന് യാത്രാനുമതി നല്‍കണം എന്നായിരുന്നു ‘ കത്തിലെഴുതിയിരുന്നത്.

വെള്ളിയാഴ്ച സുബീഷ് കത്തുമായി കാറില്‍ യാത്ര തിരിച്ചു. ചാവക്കാട് നിന്ന് കോഴിക്കോട് വടകര വഴിയുള്ള യാത്രയില്‍ നിരവധി തവണ പോലീസ് കാറ് തടഞ്ഞു. എല്ലായിടത്തും കത്ത് കാണിച്ചു. ശേഷം ഉദ്യോഗസ്ഥര്‍ പരസ്പരം ചര്‍ച്ച ചെയ്ത് യാത്രാനുമതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച തന്നെ കുട്ടിയെ പേരകത്തെ വീട്ടിലെത്തിക്കുകയും ചെയ്തു.

Exit mobile version