കൊളത്തൂർ: പത്താം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽമീഡിയ ചാറ്റിങിലൂടെ രാത്രി പുറത്തേക്ക് വിളിച്ചിറക്കിയ യുവാവ് പോലീസ് പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെയുള്ള ചാറ്റിങ് വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടതും പുറത്തേക്ക് വിളിച്ചുകൊണ്ടുപോയതും. അർധരാത്രി പെൺകുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കിയയാളെ പോക്സോ നിയമപ്രകാരമാണ് കൊളത്തൂർ പോലീസ് അറസ്റ്റുചെയ്തത്. പടപ്പറമ്പ് പരവക്കൽ ചക്കുംകുന്നൻ മുസ്തഫ(21)യെയാണ് കൊളത്തൂർ സിഐ പിഎം ഷമീർ അറസ്റ്റുചെയ്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയ്ക്കെതിരേ കേസെടുത്തത്. ഇയാളെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മാതാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവുമായി പരിചയത്തിലായത്. ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനുശേഷമാണ് രാത്രിയിൽ പുറത്തുവരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടത്. വീട്ടിൽ വിരുന്നിനുവന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് പെൺകുട്ടി ഇയാളെ കാണാനായി ഇറങ്ങിപ്പോയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ, കഴിഞ്ഞദിവസം രാത്രി ശൗചാലയത്തിൽപ്പോവാൻ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയിൽ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടെത്തിയത്. കുട്ടികളെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ മുസ്തഫ ഉടനെ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post