കാസര്‍കോട്: നീണ്ട ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന് മിണ്ടിയ നിമിഷം പങ്കുവെച്ച് ഡോക്ടറുടെ കുറിപ്പ്. കാസര്‍കോട്ട് കൊവിഡ് വ്യാപനം കൈവിട്ട് പോകുമെന്ന ഘട്ടത്തില്‍, മംഗളൂരുവിലേക്കുള്ള അതിര്‍ത്തികള്‍ കര്‍ണാടക പൂര്‍ണമായും അടച്ച ഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ഒരു സംഘം കാസര്‍കോട്ട് കോവിഡ് ആസ്പത്രിയൊരുക്കാന് യാത്രതിരിച്ച നിമിഷത്തിലായിരുന്നു അച്ഛന്റെ വിളിയെന്ന് അദ്ദേഹം കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അനുഭവം പങ്കിട്ടത്. ഡോ. നരേഷിന്റെ അനുഭവമാണ് പങ്കിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന് ഇന്നലെ എന്നെ വിളിച്ചിരുന്നു….
നരേഷ് ഡോക്ടറുടെ സ്വദേശം ചെന്നൈയിലാണ്. കാസറഗോഡ് നിന്നും തിരികെ വരുന്നതിന്റെ തലേ ദിവസം രാത്രി ഞങ്ങള്‍ പതിവ് പോലെ ഹോട്ടലിലെ ഗ്രാന്‍ഡെയര്‍ ഹാളില്‍ ഒത്തു കൂടി. ഇന്ന് പാട്ടും അന്താക്ഷരിയുമൊന്നുമില്ലെന്ന് ഞാന്‍ പ്രഖ്യാപിച്ചു. എല്ലാവരും പ്രസംഗിക്കണം. കാസറഗോഡ് മിഷനെ കുറിച്ച് പോസിറ്റീവ് ആയ രണ്ട് കാര്യങ്ങള്‍, നെഗറ്റീവ് ആയ രണ്ട് കാര്യങ്ങള്‍ പിന്നെ മനസ്സില്‍ തട്ടിയ ഒരു സംഭവം.. ഇത്രയും വേണം.. അങ്ങനെ ആ പ്രസംഗ പര്‍വ്വം തുടങ്ങി… എല്ലാവരും തമാശകള്‍ ആയി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനിടയില്‍ ആണ് നരേഷ് ഡോക്ടര്‍, എല്ലാവരുടെയും ഹൃദയത്തില്‍ കൊളുത്തി വലിച്ച, അച്ഛന്റെ ഫോണ്‍ വിളിയെ കുറിച്ച് പറഞ്ഞത്. തമിഴ് കലര്‍ന്ന മലയാളത്തില്‍ അതിങ്ങനെ ആണ് നരേഷ് ഡോക്ടര്‍ തുടങ്ങിയത്…
സര്.. ഞാന്‍ ജീവിതത്തില്‍ ഒരു പരാജിതന് ആയിട്ടാണ് എനിക്ക് തോന്നുന്നത്. എം ബി ബി എസ് കഴിഞ്ഞ് ഇപ്പൊ കുറെ കാലം ആയി. ആദ്യം ഞാന്‍ അഹമ്മദാബാദിലെ ബി ജെ മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക്സില്‍ പോസ്റ്റ് ഗ്രാഡുവേഷന് ചെയാന്‍ ചേര്‍ന്നു.. അവിടത്തെ ജോലി ഭാരവും പീഡനവും സഹിക്കാന്‍ ആവാതെ നിര്‍ത്തി പോന്നു.. എല്ലാവരും കുറ്റപ്പെടുത്തി. പിന്നെ എനിക്കും തോന്നി അതു വേണ്ടായിരുന്നുവെന്ന്. എത്ര കഷ്ടപെട്ടിട്ടാണ് അവിടെ ഓര്‍ത്തോക്ക് സീറ്റ് ലഭിച്ചത് എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. പക്ഷെ ഞാന്‍ അങ്ങനെ ആണ്.. ഒരു ഫെയിലിയര്‍.. പിന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്സിന് ചേര്‍ന്നു.. കുട്ടികളുടെ കരച്ചില് ഒന്നും കെട്ടു നില്കാനാവില്ലെന്ന് മനസിലായപ്പോ അതും വിട്ടു.. അതു കഴിഞ്ഞിട്ടാണ് ഇപ്പൊ അനസ്തേഷ്യക്ക് ചേര്‍ന്നത്. സത്യത്തില്‍ ഇതും എനിക്ക് ചേരുന്നില്ലായിരുന്നു. അധ്യാപകരുമായി സ്ഥിരമായി അടി ഇടുമായിരുന്നു. എങ്ങനെ ഒക്കെയോ പാസ്സായി. ഇപ്പൊ സീനിയര്‍ റസിഡന്‍സി ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കാണ് കാസറഗോഡ് പോകണമെന്ന് ഡിപ്പാര്‍ട്ടമെന്റ് മേധാവി പറഞ്ഞത്. ഡിപ്പാര്‍ട്മെന്റില്‍ നിന്ന് എന്നെ കുറെ നാള് ഓടിക്കാനാണെന്ന് ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ തോന്നി. ഏതായാലും രണ്ടും കല്പിച്ചു ഇറങ്ങി. കാസറഗോഡ് പോയാല്‍ തിരിച്ചു വരാന്‍ പറ്റില്ലെന്ന് പലരും പറഞ്ഞു.. യാത്ര തുടങ്ങിയപ്പോഴാണ് അത്ഭുതങ്ങള്‍ തുടങ്ങിയത്. ജീവിതത്തില്‍ മിണ്ടാന്‍ മടിച്ചിരുന്നവര്‍, കണ്ടിട്ടും മിണ്ടിയിട്ടില്ലാത്തവര്‍, പിണങ്ങി ഇരുന്നവര്‍ ഒക്കെ വിളിച്ചു തുടങ്ങുന്നു. ഫേസ് ബുക്കില്‍ proud of you എന്ന് എല്ലാവരും എഴുതുന്നു. ഞാന്‍ ഞാന്‍ തന്നെയാണോ എന്ന് എനിക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു. ജീവിതത്തിനു അര്‍ത്ഥം ഉണ്ടെന്നൊക്ക എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു സര്….
ഇതിനിടയില്‍ ആണ് അച്ഛന് വിളിച്ചത്. ഏഴു വര്‍ഷമായി അച്ഛന് മിണ്ടാറില്ല.. ഞാനും മിണ്ടാറില്ല. വീട്ടില്‍ എത്തിയാല്‍ മുഖം കൊടുക്കാതെ, മിണ്ടാതെ, ഒരു നോട്ടം പോലും നോക്കാതെ, വീടിനുള്ളില്‍ തന്നെ മതിലുകള്‍ കെട്ടി ഇരിക്കുമായിരുന്നു ഞങ്ങള്‍.. ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നും അച്ഛന് ഇഷ്ടപെടുമായിരുന്നില്ല.. എനിക്ക് തന്നെ ഇഷ്ടപെടാത്ത തീരുമാനങ്ങള്‍ എങ്ങനെ അച്ഛന് ഇഷ്ടപെടും.. സര്.. ഞാന്‍ അങ്ങനെ ഒരു ഫെയിലിയര്‍ ആയിരുന്നു..
പക്ഷെ ഇന്നലെ അച്ഛന് വിളിച്ചിരുന്നു.. ഇന്നലെ.. ഞാന്‍ ഇവിടെ കാസറഗോഡ് കൊറോണ ബാധിച്ചവരെ ചികില്‍ത്സിക്കുന്ന ടീമില്‍ ഉണ്ടെന്ന് അച്ഛന്റെ കൂട്ടുകാര്‍ ആരോ പറഞ്ഞറിഞ്ഞിട്ട് വിളിച്ചതാണ്. ചിലമ്പച്ചതെങ്കിലും സ്നേഹം നിറഞ്ഞ ശബ്ദത്തില്‍ അച്ഛന് ചോദിച്ചു..
നിനക്ക് സുഖം തന്നെയല്ലേ……
ചിത്രത്തില്‍.. ഞാനും നരേഷ് ഡോക്ടറും കമല ഡോക്ടറും.. യാത്രക്കിടെ
Discussion about this post