തിരുവനന്തപുരം: കൊവിഡ് രോഗ ബാധ കണ്ടെത്തുന്നതിലും മികച്ച ചികിത്സ ഉറപ്പാക്കി രോഗമുക്തരാക്കി തിരിച്ചയയ്ക്കുന്നതിലും വലിയ മുന്നേറ്റമുണ്ടാക്കി കേരളം. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന തരത്തിലാണ് കേരളത്തിന്റെ ആരോഗ്യരംഗം വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. രോഗികളെ കണ്ടെത്തുന്നതിലും ചികിത്സ നൽകി രക്ഷപ്പെടുത്തുന്നതിലും കേരളത്തിന്റെ അതിർത്തി സംസ്ഥാനമായ തമിഴ്‌നാട് ഉൾപ്പടെയുള്ളവ വലിയ പ്രതിസന്ധി നേരിടുകയാണ്. കൃത്യമായ രോഗികളുടെ എണ്ണം പോലും പലസംസ്ഥാനങ്ങളുടേയും പക്കലില്ല.
ഇതിനിടെയാണ് ഒരാഴ്ചയ്ക്കിടെ കേരളത്തിലെ രോഗം സ്ഥിരീകരിച്ചവരുടെ നാലിരട്ടി പേർ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ചയിലെ രോഗമുക്തരായവരുടെ കണക്ക് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ സംസ്ഥാനത്തെ അറിയിച്ചതോടെയാണ് ഈ അഭിമാന നേട്ടത്തെ കുറിച്ച് വ്യക്തത വന്നത്. ഈ ഒരാഴ്ചയ്ക്കിടെ അരലക്ഷം പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് കൈയ്യടി അർഹിക്കുന്ന നേട്ടമാണിത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമാണ്. കോഴിക്കോട് ജില്ലയിലെ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇതോടൊപ്പം പത്ത് പേർ സംസ്ഥാനത്ത് രോഗമുക്തി നേടുകയും ചെയ്തു. കാസർകോട് ജില്ലയിലെ ആറ് പേരുടെയും എറണാകുളം ജില്ലയിലെ രണ്ട് പേരുടെയും ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലം നെഗറ്റീവായി.
ഇതോടെ സംസ്ഥാനത്തൊട്ടാകെ 255 പേർ ഇതുവരെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ഇതോടെ നിലവിൽ 138 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78980 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 78,454 പേർ വീടുകളിലും 526 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 84 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.