തിരുവനന്തപുരം: മലപ്പുറത്ത് ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മരണകാരണം കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. അടുത്തിടെ ഇദ്ദേഹത്തിന് നടത്തിയ മൂന്ന് കൊവിഡ് ടെസ്റ്റുകളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഈ രോഗിക്ക് മറ്റു പല അസുഖങ്ങളും ഉണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മരിച്ചയാള്‍ക്ക് കൊവിഡ് ഇല്ലാത്തതിനാല്‍ സംസ്കാരത്തിന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതില്ലെന്നും എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ മാത്രമെ സംസ്കാരം നടത്താന്‍ പാടുള്ളൂ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി (85) മരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും വൃക്ക രോഗമടക്കമുള്ള അസുഖങ്ങള്‍ ഉള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ഇയാള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post