കൊല്ലം: കൊല്ലത്ത് പരീക്ഷാഹാളില്‍ നിന്നിറങ്ങി കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കോളേജ് അധികൃതരുടെ മാനസിക പീഡനം.
കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോളേജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു.
സ്വയംഭരണാവകാശമുള്ള കോളേജാണ് ഫാത്തിമാ മാതാ. അവിടെ സെമസ്റ്റര്‍ പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കുട്ടിയെ കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ അധ്യാപിക ഹാജരാക്കി. സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനുപുറമെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്.
അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളേജില്‍നിന്ന് ഇറങ്ങിയോടുകയും എന്‍എന്‍ കോളേജിന് മുന്നില്‍വച്ച് തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു. വിഷയത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പോലീസ് സംസാരിച്ചു. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.