ഉമ്മയെ അവസാനമായി കണ്ടത് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പുറത്തെടുത്തപ്പോള്‍, അകലെ നിന്നു പൊട്ടിക്കരഞ്ഞ് സജ്‌ന, അടുത്തുപോകാനോ അന്ത്യചുംബനം നല്‍കാനോ കഴിഞ്ഞില്ല

അമ്പലപ്പുഴ: ജോലിക്കായി പോകുമ്പോള്‍ നഴ്‌സ് സജ്‌നയെ യാത്രയയക്കാന്‍ ഉമ്മ വീടിനുമ്മറത്ത് തന്നെയുണ്ടായിരുന്നു, എന്നാല്‍ ഉമ്മ അവസാനയാത്ര പറഞ്ഞുപോകുമ്പോള്‍ അരികിലെത്താനോ അന്ത്യചുംബനം നല്‍കാനോ സജ്‌നയ്ക്ക് കഴിഞ്ഞിരുന്നില്ല. മോര്‍ച്ചറിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉമ്മയെ പുറത്തേക്ക് എടുക്കുമ്പോള്‍ അകലെനിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കാണാനേ സജ്‌നയ്ക്ക് കഴിഞ്ഞുള്ളൂ.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് വണ്‍ സ്റ്റാഫ് നഴ്‌സായ സജ്‌ന കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ തുടര്‍ച്ചയായ ഏഴുദിവസമാണ് ജോലിചെയ്തത്. ഇതിനുശേഷം 14 ദിവസക്കാലം മെഡിക്കല്‍ കോളേജിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

സജ്‌ന നിരീക്ഷണത്തിലായതിന്റെ രണ്ടാംനാളില്‍ ആയിരുന്നു ഉമ്മയുടെ മരണവും. ഈ മാസം ആറിന് വൈകീട്ട് കുഴഞ്ഞവീണാണ് ഉമ്മ സൈനബ മരിച്ചത്. ഉടനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉമ്മയുടെ മരണത്തെത്തുടര്‍ന്ന് വീട്ടില്‍ പോയി മടങ്ങാന്‍ ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയെങ്കിലും സൈനബ തയ്യാറായില്ല.

തന്റെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന യാഥാര്‍ഥ്യം അറിയാവുന്നത് കൊണ്ടായിരുന്നു സജ്‌ന വീട്ടില്‍ പോകാന്‍ തയ്യാറാവാതിരുന്നത്. അടുത്തദിവസം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം പുറത്തിറക്കിയപ്പോള്‍ അകലെ നിന്നാണ് സജ്‌ന ഉമ്മയെ അവസാനമായി കണ്ടത്.

നിരീക്ഷണം കഴിഞ്ഞ് ബുധനാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഉമ്മയില്ലാത്ത ആ വീട്ടിലേക്ക് പോകുന്നതിന്റെ സങ്കടമായിരുന്നു സജ്‌നയുടെ മനസ്സ് നിറയെ. എങ്കിലും കൊറോണ സ്ഥിരീകരിച്ച ഒരു യുവാവിനെ രോഗം ഭേദപ്പെടുത്തി വീട്ടിലേക്കയയ്ക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും സജ്‌ന പങ്കുവയ്ക്കുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിചെയ്ത സജ്‌നയടക്കമുള്ള 22 ജീവനക്കാര്‍ ബുധനാഴ്ചയാണ് നിരീക്ഷണം കഴിഞ്ഞ് മടങ്ങിയത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായ സജ്‌ന കൂട്ടിരിപ്പുകാരില്ലാത്ത രോഗികളെ സഹായിക്കുകയും കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കുകയും ചെയ്തിട്ടുണ്ട്. ജോലിയുടെ മഹത്ത്വം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സജ്‌നയ്ക്ക് വിവിധ സംഘടനകളുടെ ആതുരസേവന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ കനാല്‍ വാര്‍ഡില്‍ സഹദ് മന്‍സിലില്‍ ജലീലിന്റെ മകളാണ്. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായ സമീര്‍ ആണ് ഭര്‍ത്താവ്. സാജിദ്, സഹദ് എന്നിവര്‍ മക്കളും.

Exit mobile version