തിരുവനന്തപുരം; ചികിത്സയിലായിരുന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ കേരളത്തിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കൊറോണയില്‍ നിന്നും രോഗമുക്തി നേടിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗമുക്തി നേടിയ ആരോഗ്യപ്രവര്‍ത്തകരെ വിളിച്ച് മന്ത്രി ആരോഗ്യ മേഖലയ്ക്ക് ചെയ്യുന്ന ആത്മാര്‍ത്ഥ സേവനത്തിന് അഭിനന്ദനം അറിയിച്ചു.
കേരളത്തില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നഴ്‌സ് രേഷ്മ മോഹദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെ സന്തോഷ് കുമാര്‍, കെകെ അനീഷ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രേഷ്മ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവര്‍ ഏപ്രില്‍ മൂന്നിന് ആശുപത്രി വിട്ടു.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സന്തോഷ് കുമാര്‍,അനീഷ് എന്നിവര്‍ കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ഇവരെ വിളിച്ച് ആരോഗ്യ മേഖലയ്ക്ക് ചെയ്യുന്ന ആത്മാര്‍ത്ഥ സേവനത്തിന് അഭിനന്ദനം അറിയിച്ചു. ഇവരെപ്പോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിന്റെ ഊര്‍ജമെന്നും മന്ത്രി പറഞ്ഞു.
രോഗം ഭേദമായെങ്കിലും കൊറോണ പ്രതിരോധത്തില്‍ നിന്നും ഒരല്പം പോലും പുറകോട്ട് പോകില്ലെന്ന് സന്തോഷ്‌കുമാറും അനീഷും പറയുന്നു. രോഗ പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍. ആരോഗ്യ വകുപ്പ് വലിയ പിന്തുണയാണ് നല്കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിച്ചാല്‍ എത്രയും വേഗം അതിജീവിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.