പമ്പ: ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷന്. മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കമ്മീഷന് കുറ്റപ്പെടുത്തി. പ്രശ്നങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നും ജില്ലാ ഭരണകൂടത്തിന് കമ്മീഷന് നിര്‍ദ്ദേശം നല്കി.
ചിത്തിര ആട്ട പൂജയ്ക്കും തുടര്‍ന്നും നടന്ന പോലീസ് നടപടികള്‍ക്കിടെ കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നെന്നും, ഭക്ഷണമടക്കം നിഷേധിച്ചെന്നും ആരോപിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷന് ശബരിമല സന്ദര്‍ശിച്ചത്. പോലീസ് അതിക്രമം അടക്കം 15 ലേറെ പരാതികളാണ് കമ്മീഷന് ലഭിച്ചത്.
പമ്പയിലും സന്നിധാനത്തും സന്ദര്‍ശനം നടത്തിയ കമ്മീഷന് അംഗങ്ങളായ ആര്‍ജി ആനന്ദും തനി റാമും പരാതിക്കാരില്‍ നിന്നും മൊഴിയെടുത്തു. ഗൗരവമുള്ള പരാതികളാണ് കിട്ടിയതെന്നും കുട്ടികള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമെന്നും കമ്മീഷന് അംഗങ്ങള്‍ പറഞ്ഞു.
സന്നിധാനത്ത് കുട്ടികള്‍ക്കായി സംരക്ഷണ കേന്ദ്രം തുടങ്ങണമെന്നും സമരത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും കമ്മീഷന് വ്യക്തമാക്കി. കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും.
കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു.
Discussion about this post