കോഴിക്കോട്: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പണികിട്ടിയത് മുന്‍കൂട്ടി വിവാഹം ഉറപ്പിച്ച കുടുംബങ്ങള്‍ക്കാണ്. എല്ലാം ഒരുക്കി ആ ദിനത്തിനായി കാത്തിരിക്കുമ്പോഴാണ് ഇരുട്ടടി പോലെ കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൗണും. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് വിവാഹം നടത്തുന്നവര്‍ അനവധിയാണ്. പലതും മാതൃകാ കല്യാണമായി നടത്തുന്നത്. ഇപ്പോള്‍ സമാനമായ ഒരു കല്യാണം കോഴിക്കോട് നടന്നിരിക്കുകയാണ്. ബേപ്പൂരിലെ സഹോദരങ്ങളായ രാഹുലിന്റെയും വിഷ്ണുവിന്റെയും വിവാഹമാണ് ഏവര്‍ക്കും മാതൃകാപരമായി നടന്നത്.
രാഹുലിന്റെ കൈ പിടിച്ച് ആതിരയും വിഷ്ണുവിനൊപ്പം അശ്വതിയുമാണ് വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. പരസ്പരം മാലയിട്ടതിന് ശേഷം വധൂവരന്‍മാര്‍ പരസ്പരം മാസ്‌ക് അണിയിച്ചാണ് ജീവിതത്തിലേയ്ക്ക് കടന്നത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി. ഇത് കൊവിഡ് കാലത്തെ യഥാര്‍ഥ ബ്രേക്ക് ദ ചാലഞ്ച് എന്നാണ് സോഷ്യല്‍മീഡിയ വിശേഷിപ്പിച്ചത്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു വിവാഹം. വ്യാഴാഴ്ച രാവിലെ 9.20 ന് രാഹലിന്റെയും വെള്ളിയാഴ്ച രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നു. നിയന്ത്രണങ്ങളെല്ലാം പാലിച്ച് വിരലിലെണ്ണാവുന്നവരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു വിവാഹം. ബേപ്പൂര്‍ അമ്പലവളപ്പില്‍ രവീന്ദ്രന്‍- ജയലത ദമ്പതികളുടെ മക്കളാണ് രാഹുലും വിഷ്ണുവും. ലോക്ക്ഡൗണ്‍ വരുന്നതിനു മുന്‍പ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും ആരേയും പങ്കെടുപ്പിച്ചില്ല.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീര്‍വദിക്കുകയാണ് ചെയ്തത്. കല്യാണം മുടങ്ങരുത് എന്ന് ഏറ്റവും ആഗ്രഹം അമ്മ ജയലതക്കായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാഹുലും വിഷണുവും. ഇന്‍ഡസ് മോട്ടോര്‍സില്‍ മെക്കാനിക് ആണ് രാഹുല്‍. അരക്കിണര്‍ സ്വദേശിനിയായ ആതിര അവസാന വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയിലെ ഏരിയ സെയില്‍സ് മാനേജരായ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഒളവണ്ണ സ്വദേശിനിയാണ്. ഒരു ജ്വല്ലറിയില്‍ കെമിസ്റ്റായി ജോലി ചെയ്യുകയാണ് അശ്വതി. നിറകൈയ്യടികളാണ് ഇവരുടെ തീരുമാനത്തിന് സോഷ്യല്‍മീഡിയ നല്‍കുന്നത്.