കോഴിക്കോട്: അഴിമതി ആരോപണത്തിൽ വിജിലൻസിന് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി കെഎം ഷാജി എംഎൽഎ. പിണറായി വിജയന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണ് വിജിലൻസ് അന്വേണമെന്ന് കെഎം ഷാജി എംഎൽഎ പ്രതികരിച്ചു. ഒരുതരത്തിലും നിലനിൽക്കാത്ത, സത്യത്തിന്റെ നേരംശം പോലുമില്ലാത്ത കേസാണിതെന്നും അദ്ദേഹം ആരോപിച്ചു.
തനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ല. ഒരു ബാച്ചും അനുവദിക്കാനാകില്ല. ഒരു എംഎൽഎ മാത്രമാണ്. കോഴ്‌സ് അനുവദിക്കേണ്ടത് ഒരു മന്ത്രിയാണ്. മന്ത്രിയുടെ അടുത്ത് പോയി അനുമതി വാങ്ങി എന്നാണ് ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജിലൻസ് അന്വേണം രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു. അവർക്ക് സ്വാഭാവികമായും എന്നോട് ശത്രുതയുണ്ടാകും. ഇപ്പോൾ അത് കുറച്ചുകൂടി മൂർച്ഛിച്ചു. കോടികൾ ചെലവഴിച്ച് ഉണ്ടാക്കുന്ന ബിംബത്തെയല്ലേ രണ്ട് ദിവസം കൊണ്ട് തകർക്കുന്നത്. സ്വഭാവികമായും അതിന്റെ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് എംഎൽഎയായ കെഎം ഷാജി അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കന്ററി അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയതോടെ വിജിലൻസ് കേസെടുത്തിരുന്നു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരൻ.
വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുടർനടപടി. നിയമസഭ സ്പീക്കറോടും സർക്കാരിനോടും കേസിൽ തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നു. ഇതിനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
Discussion about this post