കൊല്ലം: മൂന്ന് വയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍കറി ഒഴിച്ച് മുത്തച്ഛന്റെയും പിതൃസഹോദരിയുടെയും ക്രൂരത. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയാണ് ക്രൂരത പുറംലോകത്തോട് വിളിച്ച് പറഞ്ഞത്. ശരീരത്തില്‍ 35 ശതമാനത്തോളം പൊള്ളലേറ്റ കുരുന്ന് ഇപ്പോള്‍ കൊല്ലത്ത് എന്‍എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുത്തച്ഛനും പിതൃസഹോദരിക്കും എതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.
ഹൈദരാബാദില്‍ ഡോക്ടറായ ഭര്‍ത്താവ് ഗുജറാത്ത് സ്വദേശിനിയായ തന്നെ പ്രണയ വിവാഹം ചെയ്തതു മുതല്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് ഇന്നലെ വൈകുന്നേരത്തെ ദാരുണമായ സംഭവത്തിലേക്ക് എത്തിയതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നു. കുഞ്ഞിന്റെ മുത്തച്ഛനെയും പിതൃസഹോദരിയേയും പേടിച്ചാണ് ബെഡ്‌റൂമിലേക്ക് ഓടിക്കയറിയത്. കുഞ്ഞ് ആ നേരം എന്റെ തോളില്‍ കിടക്കുകയായിരുന്നു. പിന്നാലെ എത്തിയ ഭര്‍ത്താവിന്റെ അച്ഛന്‍ ഉടുപ്പില്‍ കുത്തിപ്പിടിക്കുകയും തല്ലുകയും ചെയ്തതിനു പിന്നാലെ കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച മീന്‍കറി ഒഴിക്കുകയുമായിരുന്നുവെന്നും അമ്മ നിറകണ്ണുകളോടെ പറയുന്നു.
ഒരു വര്‍ഷം മുമ്പാണ് ഇവര്‍ കൊല്ലത്ത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറിയത്. അന്നുമുതല്‍ പല തരത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാവുന്നതായി അമ്മ ആരോപിക്കുന്നുണ്ട്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ അവസ്ഥ വളരെ ദാരുണമാണെന്ന് ദൃക്‌സാക്ഷികളും പറയുന്നുണ്ട്. കുഞ്ഞിന്റെ രഹസ്യഭാഗങ്ങളില്‍ വരെ പൊള്ളലേറ്റിട്ടുള്ളതായും ഡോക്ടര്‍മാരും പറയുന്നു.
അതേസമയം, ആന്തരിക അവയവങ്ങള്‍ക്കൊന്നും പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ മോശമല്ലെങ്കിലും പൊള്ളലായതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി മോശമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ കുഞ്ഞിന്റെ മുത്തച്ഛനെ വ്യാഴാഴ്ച തന്നെ കണ്ണനല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ 307-ാം വകുപ്പ് പ്രകാരം കൊലപാതക ശ്രമത്തിനടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ആളാണ് മുത്തച്ഛന്‍. പിതൃസഹോദരിയും വിദ്യാസമ്പന്നയാണ്. സംഭവം ഞെട്ടല്‍ ഉളവാക്കിയെന്ന് ബാലവകാശ കമ്മീഷനും അഭിപ്രായപ്പെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.