തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍. പത്തു മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് 19 വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന നൂതന കിറ്റാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസിന്റെ എന്‍ ജീന്‍ കണ്ടെത്തുന്ന ആര്‍ടി ലാംപ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന ടെസ്റ്റ് കിറ്റ് ആണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിന്റെ എന്‍ ജീന്‍ കണ്ടെത്തുന്ന ഉപകരണം വികസിപ്പിച്ചെടുക്കുന്നത്.
വ്യാവസായികാടിസ്ഥാനത്തില്‍ കിറ്റ് ഉടന്‍ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചതിന് തുടര്‍ച്ചയായാണ് കൊറോണ കണ്ടത്താനുള്ള കിറ്റും വികസിപ്പിക്കാനായത്.
ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഉപകരണത്തിന് നൂറ് ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചെന്നും അനുമതി ലഭിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനാവുമെന്നും ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആഷാ കിഷോര്‍, ഡോ. ഹരികൃഷ്ണ വര്‍ണ, ഡോ. അനൂപ് കുമാര്‍, ശാസ്ത്രജ്ഞരായ അമല്‍ വില്‍സണ്‍, സ്വാതി എസ് നായര്‍, രസിത എന്നിവരടങ്ങുന്ന സംഘമാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.
ജനിതക വ്യതിയാനം ഉണ്ടായാല്‍ പോലും ഫലം ശരിയായ രീതിയില്‍ ലഭ്യമാക്കുന്ന രീതിയിലുള്ളതാണ് വികസിപ്പിച്ചെടുത്ത ഉപകരണം. പരിശോധനക്ക് എടുക്കുന്ന സമയം, കൃത്യത എന്നിവയാണ് ഇവയില്‍ പ്രധാനം. ഈ ഉപകരണം വഴി പത്തുമിനിട്ടിനുള്ളില്‍ ഫലം ലഭിക്കും. സാമ്പിള്‍ ശേഖരിക്കുന്നതുമുതല്‍ പരിശോധന വരെ രണ്ടു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30ഓളം സാമ്പിളുകള്‍ പരിശോധിക്കാവുന്ന രീതിയിലാണ് സജ്ജീകരണം. ഇതോടെ പരിശോധന വ്യാപകമാക്കാന്‍ സാധിക്കുമെന്നും ഒരു പരിശോധനക്ക് ആയിരത്തില്‍ താഴെ മാത്രമേ ചിലവ് വരുവെന്നും ശ്രീചിത്ര വ്യക്തമാക്കുന്നു.
ചൈന, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ പിസിആര്‍ ഉപയോഗിച്ചാണ് എന്‍ – ജീന്‍ പരിശോധിക്കുന്നത്. ജപ്പാനില്‍ ആര്‍ടി ലാംപ് വികസിപ്പിച്ചിടുണ്ടെങ്കിലും അത് മറ്റൊരു ജീനില്‍ പരിശോധന നടത്താന്‍ ആണ്. ഇന്ത്യയില്‍ ലോകാരോഗ്യസംഘടനയുടെ പ്രോട്ടോകോള്‍ അനുസരിച്ച് ഇ – ജീനിലാണ് സാധാരണ പരിശോധന നടത്തുന്നത്. ആ ടെസ്റ്റില്‍ പോസിറ്റീവായാല്‍ മറ്റൊരു കണ്ഫമേട്രി ടെസ്റ്റ് കൂടെ നടത്തേണ്ടി വരും.
അതേസമയം, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ടെസ്റ്റ് ഡബിളി കണ്ഫമേട്രിയാണ്. പിസിആര്‍ ഉപയോഗിച്ച് എന്‍ – ജീനിനെ ആംപ്ളിഫൈ ചെയ്യാന്‍ രണ്ട് മണിക്കൂര്‍ എടുക്കും. എന്നാല്‍ ആര്‍ടി ലാംപ് ഉപയോഗിച്ച് പത്ത് മിനിട്ട് കൊണ്ട് അത് ആപ്ളിഫൈ ചെയ്യാം. അതു കൊണ്ട് തന്നെ ഈ ടെസ്റ്റ് കിറ്റ് വളരെ വേഗതയുള്ളതാണ്. മാത്രമല്ല 100 % ആക്കുറസി ഉറപ്പ് നല്കാന് കഴിയും.
സാധാരണ ഒരു ലാബ് ടെക്നീഷന്‍ വരെ ഈ ടെസ്റ്റ് കിറ്റ് വെച്ച് കൊറോണ സ്ഥിരീകരിക്കാന്‍ സാധിക്കും. നിലവില്‍ ടെസ്റ്റ് നടത്തുന്നതിന് 4500 രൂപ ആകും. പക്ഷേ ഈ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് നടത്താന്‍ 1000 രൂപയെ ചിലവ് വരുകയുള്ളു. ചുരുക്കത്തില്‍ വളരെ ചിലവ് കുറഞ്ഞ ഏറ്റവും വേഗതയേറിയ ചുരുങ്ങിയ ഇന്‍ഫ്രാസ്ട്രക്ചര്‍ മാത്രം ആവശ്യമുള്ള ടെസ്റ്റ് കിറ്റ് ആണെന്നും അവര്‍ പറഞ്ഞു.
Discussion about this post