തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അടിയന്തിര ഘട്ടങ്ങളില്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് പ്രത്യേക ഉത്തരവായി. ഗര്‍ഭിണികള്‍ക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കേരളീയര്‍ക്ക്, കേരളത്തിലേക്ക് എത്തുന്നതിന് മാനുഷിക പരിഗണനയും അത്യാവശ്യ സാഹചര്യവും പരിഗണിച്ച് അനുമതി നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ജില്ലാ കളക്ടര്റാണ് അനുമതി നല്‍കുക.
ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദേശങ്ങള്‍:
1. ഗര്‍ഭിണിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രസവം പ്രതീക്ഷിക്കുന്ന തീയതി, യാത്ര ചെയ്യാന്‍ അനുയോജ്യമായ ആരോഗ്യസ്ഥിതി എന്നിവ രേഖപ്പെടുത്തിയ അംഗീകൃത ഗൈനക്കോളജിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.
2. മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് വെച്ച് നിലവില്‍ താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച് യാത്ര ചെയ്യാനുള്ള പാസ്, കൂടെ യാത്ര ചെയ്യുന്ന മറ്റാളുകള്‍ക്കുള്ള അനുമതി എന്നിവ ലഭ്യമാക്കണം.
3. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ആളുകള്‍ മാത്രമേ ഒന്നിച്ച് യാത്ര ചെയ്യാന്‍ പാടുള്ളൂ. യാത്ര ചെയ്യുന്നവര്‍ ശാരീരിക അകലം ഉള്‍പ്പെടെ കോവിഡ്-19 പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണം.
4. ഗര്‍ഭിണിയുടെ കൂടെയുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് യാത്രാനുമതി ഉണ്ടാകും.
5. ഗര്‍ഭിണിയായ സ്ത്രീ പോകുന്ന അതത് ജില്ലയിലെ കലക്ടര്‍ക്ക് ഇ-മെയിലിലോ വാട്സപ്പിലോ ഇതുമായി ബന്ധപ്പെട്ട് അപേക്ഷ അയക്കണം.
6. തുടര്‍ന്ന് ജില്ല കലക്ടര്‍ പരിശോധിച്ച് അപേക്ഷയില്‍ പറയുന്ന സമയത്തിനും തീയതിക്കും യാത്ര അനുമതി നല്‍കും.
7. യാത്രക്കുള്ള വാഹനപാസ് ലഭിക്കാന്‍ ഏത് ജില്ലയിലേക്കാണോ പോകുന്നത്, അവിടത്തെ ജില്ല കലക്ടര്‍ നല്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സഹിതമാണ് നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
8. കേരള അതിര്‍ത്തിയിലുള്ള പോലീസ്/റവന്യൂ/ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ല കലക്ടര്‍ നല്കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട അധികൃതര്‍ നല്കിയ യാത്ര പാസുകളും പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനം കടത്തി വിടുകയുള്ളൂ.
9. കേരള അതിര്‍ത്തിയില്‍ പരിശോധന നടത്തുമ്പോള്‍ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം അവിടെ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഉടന്‍ ആരോഗ്യ/ ജില്ലാതല ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.
ചികിത്സ ആവശ്യാര്‍ഥം വരുന്നവര്‍ക്കുള്ള നിബന്ധനകള്‍:
1. ചികിത്സ ലഭിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കി അതാത് ജില്ലയിലെ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.
2. അപേക്ഷ ഉടനെ പരിശോധിച്ച് യാത്രക്ക് അനുമതി നല്‍കും.
3. അനുമതി ലഭിച്ച് കഴിഞ്ഞാല്‍, ചികിത്സ വേണ്ട വ്യക്തി താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയെ സമീപിച്ചാല്‍ ആവശ്യമായ വാഹന പാസ് ലഭിക്കും.
4. ഈ രണ്ട് രേഖകളും കേരളത്തിലേക്ക് കടക്കാന്‍ ആവശ്യമാണ്.
5. കേരളത്തില്‍ ചികിത്സ അനിവാര്യമാകുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ രോഗിയുമായി വാഹനത്തില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ.
6. പതിവ് ചികിത്സകള്‍ നിലവില്‍ താമസിക്കുന്ന സംസ്ഥാനത്ത് തന്നെ നടത്തേണ്ടതാണ്.
7. ക്വാറന്റൈയ്നുമായി ബന്ധപ്പെട്ട് മേല്പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കണം.
മരണാനന്തര ചടങ്ങിന് വരുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍:
1. താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് വാഹന പാസ് വാങ്ങണം.
2. യാത്ര ചെയ്യുന്ന വ്യക്തി മരിച്ചയാളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയില്‍ സൂക്ഷിക്കണം. അതിര്‍ത്തിയില്‍ പോലീസ് ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച ശേഷമാവും കടത്തിവിടുക.
Discussion about this post