തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികള്‍ പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം
അറിയിച്ചത്. ലോക്ക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികള്‍ പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
സംസ്ഥാനത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള തൊഴിലുറപ്പ് ജോലികള്‍ ആരംഭിക്കാം. എന്നാല്‍ സാധാരണ പോലെ കൂട്ടംകൂടി തൊഴിലെടുക്കുന്നത് അനുവദിക്കില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ അഞ്ച് പേരടങ്ങുന്ന സംഘമായി ജോലിയെടുക്കണം. പ്രവര്‍ത്തിസമയത്ത് ഇവരെ അത്തരത്തില്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ അടച്ചിട്ട ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുന്നതിന് മുമ്പ് ആദ്യം അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിസരവും ശുചീകരിക്കണം. ഇതെല്ലാം വളരെ പ്രധാനമാണെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post