തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളെ മൂന്നാമത്തെ മേഖലയായി കണക്കാക്കി സാധാരണ ജീവിതം ഭാഗികമായി അനുവദിക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ മൂന്നും തിരുവനന്തപുരം ജില്ലയിൽ രണ്ടും പാലക്കാട് ജില്ലയിൽ മൂന്നും തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒന്നു വീതവും കൊവിഡ് 19 കേസുകളാണ് ഉള്ളത്. എങ്കിലും ഇവർക്ക് ഭാഗികമായ സാധാരണ ജീവിതം അനുവദിച്ച് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ട്സ്പോട്ടായി കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ മൂന്നാമത്തെ മേഖലയിൽ ഉൾപ്പെടുത്താൻ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന്റെ മുന്നിൽവെക്കും.
സാധാരണ ജീവിതം ഭാഗികമായി അനുവദിക്കുമെങ്കിലും നിയന്ത്രണങ്ങളെല്ലാം ഈ ജില്ലകളിലും ബാധകമായിരിക്കും. സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും അടക്കമുള്ളവ അടച്ചിടും. കൂട്ടംകൂടലോ പൊതു സ്വകാര്യ പരിപാടികളോ അനുവദിക്കില്ല. ഈ ജില്ലകളിലെ ഹോട്ട്സ്പോട്ടുകൾ പ്രത്യേകം കണ്ടെത്തി അടച്ചിടും. എന്നാൽ ചില ഇളവുകൾ അനുവദിക്കും. കടകൾ, റെസ്റ്റോറന്റുകൾ എന്നിവ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാവും നൽകുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Discussion about this post