തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടി ആളുകള്‍ക്ക് ഇന്ന് രോഗം ഭേദമായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് 27 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. കാസര്‍കോടാണ് ഏറ്റവും കൂടുതല്‍പേര്‍ രോഗമുക്തരായത്. കാസര്‍കോട് 24 പേരാണ് രോഗമുക്തരായത്. എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 245 ആയി വര്‍ധിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് മുക്തി നേടിയത് കേരളത്തിലാണ്. സംസ്ഥാനത്ത് നിലവില്‍ 147 പേര്‍ ചികിത്സയിലുണ്ട്. അതെസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 394 ആയി വര്‍ധിച്ചു. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 5 പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലവുമാണ്. സംസ്ഥാനത്ത് നിലവില്‍ 147 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 88855 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 88332 പേര്‍ വീട്ടിലും 532 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 16459 സാമ്പിളുകള്‍ നെഗറ്റീവായെന്നും മുഖ്യമന്ത്രി അറിയിച്ചു.