കോഴിക്കോട്:’തട്ടമിട്ട മുഖത്തുനിന്ന് വരുന്ന ഹിന്ദുഭക്തിഗാനം എന്ന രീതിയിലേക്ക് ഈ ഗാനത്തെ കാണരുതേ’ വിഷുദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഗാനം പാടിയ ഇംത്യാസിന്റെ വാക്കുകളാണ് ഇത്. മകള്‍ സൈനബുല്‍ യുസ്രയെ ചേര്‍ത്തുപിടിച്ച് അവള്‍ക്കൊപ്പം ഇംതിയാസ് ബീഗം പാടുന്ന ‘കണികാണും നേരം’ നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.
തട്ടമിട്ട മുഖത്തുനിന്ന് വരുന്ന ഹിന്ദുഭക്തിഗാനം എന്ന രീതിയിലേക്ക് ഈ ഗാനത്തെ കാണരുതേ എന്ന് ഇംത്യാസ് പറയുന്നു. ഹിറ്റാവാന്‍ ചെയ്തതല്ലെന്നും ലോക്ഡൗണ്‍ സമയത്ത് ഇത്തരമൊരു ആഘോഷവേളയില്‍ ആര്‍ക്കെങ്കിലും സന്തോഷവും സമാധാനവും നല്കാനായാല് അത്രയെങ്കിലും ചെയ്യാനാവട്ടെ എന്നു കരുതിയാണ് പാട്ട് പോസ്റ്റുചെയ്തതെന്നും അവര്‍ പറഞ്ഞു.
ഇംത്യാസിന്റെ വാക്കുകള്‍ ഇങ്ങനെ;
മകള്‍ക്കും വരികള്‍ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ഇരുന്നപ്പോള്‍ പാടിയതാണ്. 99 ശതമാനവും മികച്ച അഭിപ്രായമാണ് വന്നത്. ഒരു ശതമാനം എങ്ങനെയാണെങ്കിലും മതപരമായ കണ്ണിലൂടെ കാണുന്നവര്‍ ഉണ്ടാകുമല്ലോ. മതമായാലും രാഷ്ട്രീയമായാലും മറ്റെന്ത് ആശയമാണെങ്കിലും സ്വന്തം ആശയത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും മറ്റുള്ളവയുടെ ഇടത്തെ ബഹുമാനിക്കണമെന്നും അവയും പരിഗണിക്കപ്പെടണം എന്നും മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. കേരളത്തിന്റെ മതേതര മുഖത്തുനിന്നുകൊണ്ട് ഇതു പാടാന്‍ സന്തോഷമേ ഉള്ളൂ.
Discussion about this post