കോഴിക്കോട്: വീടും പുരയിടവും പണയം വെച്ച് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ലോക്ക്ഡൗണിന് ഒരാഴ്ച മുന്നെ ജില്ലാ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തതോടെ വീടിന് വരാന്തയിൽ പട്ടിണി കിടക്കേണ്ട ഗതികേടിലാണ് കോഴിക്കോട് ഉള്ള്യേരിക്കടുത്ത ഉള്ളൂരിലെ വലിയമുറ്റത്ത് വിനോദും ഭാര്യ വനജയും. ഒരു ദിവസം പുറത്തുപോയി വന്നപ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു എല്ലാം പൂട്ടി ബോർഡും വെച്ച് ബാങ്ക് അധികൃതർ ജപ്തി നടപടികൾ പൂർത്തിയാക്കി പോയത്. ഭാര്യ വനജയ്ക്ക് മാനസികാസ്വാസ്ഥ്യത്തിന്റെ ചികിത്സ തുടരുകയാണ്. വനജയുടെ മരുന്നും റേഷൻ കാർഡ് ഉൾപ്പടെയുള്ള അവശ്യവസ്തുക്കളും വീടിനകത്തായി പോയതോടെ വിനോദ് എന്തുചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്.
ലോക്ക്ഡൗണും പ്രഖ്യാപിച്ചതോടെ സാമൂഹിക അകലം സൂക്ഷിച്ച് വീടിനുള്ളിൽ കഴിയേണ്ട കാലത്ത് ഭാര്യ വനജയേയുംകൊണ്ട് വീടിനു പുറത്തെ വരാന്തയിൽ തങ്ങേണ്ട അവസ്ഥയിലാണ് വിനോദ്.
2016 കാലത്ത് റിയൽ എസ്‌റ്റേറ്റ് ബിസിനസ് ആവശ്യത്തിനായി തന്റെ 20 സെന്റ് ഭൂമിയും വീടും പണയംവെച്ച് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വായ്പയെടുത്തതായിരുന്നു വിനോദ്. ഓരോ മാസവും 30,000 രൂപ വീതം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, നോട്ട് നിരോധനം എല്ലാം കീഴ്‌മേൽ മറിച്ചു. ബിസിനസ് തകർന്നതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ പലിശയും മറ്റുമടക്കം 29 ലക്ഷം രൂപയോളം ഇനിയും അടക്കാനുണ്ട്. തുടർന്നാണ് സർഫാസി ആക്ട് പ്രകാരം ബാങ്ക് ജപ്തി നടപടികളിലേക്ക് പോയത്. പക്ഷെ പെട്ടെന്നെത്തിയ ലോക്ക്ഡൗണിൽ കുടുങ്ങിയതോടെ എങ്ങോട്ടും പോവാൻ കഴിയാതെ വീടിന്റെ വരാന്തയിൽ തന്നെ തുടരേണ്ടി വന്നു ഇവർക്ക്.
ജപ്തി നടപടിക്കെതിരേ ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും ഈ കൊറോണക്കാലം കഴിയുംവരെയെങ്കിലും തങ്ങളെ വീട്ടിനകത്ത് കഴിയാൻ അനുവദിക്കണമെന്നാണ് വിനോദിന്റെ അപേക്ഷ. വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന വിനോദിന്റെ ഭാര്യയേയും കൊണ്ട് പെട്ടെന്ന് എങ്ങോട്ടും മാറാനും കഴിയുന്ന അവസ്ഥയിലല്ല. ജില്ലാ ഭരണകൂടമോ മറ്റധികൃതരോ പ്രശ്‌നത്തിൽ താൽക്കാലിക പരിഹാരം കാണാൻ പോലും ഇടപെടുന്നില്ലെന്നും വിനോദ് പറയുന്നു.
വിനോദിന്റെ അച്ഛനും അമ്മയും വർഷങ്ങൾക്ക് മുമ്പേ മരണപ്പെട്ടതാണ്. കുട്ടികളുമില്ല. താൽക്കാലികമായെങ്കിലും മാറിനിൽക്കാൻ കാര്യമായി ബന്ധുക്കളൊന്നും തങ്ങൾക്കില്ലെന്നും വിനോദ് പറയുന്നു. വീടും സ്ഥലത്തിന്റെ പകുതിയും വിറ്റാൽ പോലും നിലവിലെ കടം വീട്ടാനാകും. അതുകൊണ്ട് കൊറോണക്കാലം കഴിയുന്നത് വരെയെങ്കിലും തങ്ങളെ വീട്ടിൽ കഴിയാൻ സമ്മതിക്കണമെന്ന് പറയുന്നു ഈ ദമ്പതികൾ.
ജപ്തി നടപടികൾക്ക് ശേഷം നിയമപ്രകാരം നാല് സുരക്ഷാ ജീവനക്കാരേയും കോടതി നിയമിച്ചിട്ടുണ്ട്. ഇവരുടെ ചിലവ് കൂടി വഹിക്കേണ്ട അവസ്ഥ വരുന്നുവെന്നും പറയുന്നു വിനോദ്.
അതേസമയം, കോടതിക്കാര്യമായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും നിരവധി തവണ അവധി കൊടുത്തതിന് ശേഷമാണ് ജപ്തി നടപടികളിലേക്ക് കടന്നതെന്നും കോഴിക്കോട് ജില്ലാ ബാങ്ക് ജനറൽ മാനേജർ കെപി അജയകുമാർ പ്രതികരിച്ചു. 17 ന് ആണ് ജപ്തി നടപടിയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post