തിരുവനന്തപുരം: പൂന്തുറ തീരത്തെത്തിയാല്‍ എന്തൊക്കെയോ പിറുപിറുത്ത് നടക്കുന്ന ഒരു മധ്യവയ്‌സകനെ കാണാം. മറ്റാരുമല്ല ഓഖി കൊണ്ടു പോയ തന്റെ മകനെ തിരികെ ലഭിക്കാന്‍ കടലമ്മയോട് അപേക്ഷിക്കുകയാണ് വിന്‍സെന്റ്. നടക്കാന്‍ പറ്റാതിരുന്നിട്ടും വേച്ച് വേച്ച് നടന്ന് മകനെ തിരിച്ചു ലഭിക്കാന്‍ കണ്ണീരോടെ അപേക്ഷിക്കുകയാണ് വിന്‍സെന്റ്. ”ആയിരം കൊല്ലം ഇരുന്ത് വാഴാനുള്ള എന്റെ പുള്ളയെ ഇങ്ങ് തിരികെ തായോ…ദൈവം എത്രയോ മാലോരെ രക്ഷപ്പെടുത്തിയിരിക്കുന്നു…” വീണ്ടും വീണ്ടും പിറുപിറുത്തു കൊണ്ട് വിന്‍സെന്റ് നടന്നു നീങ്ങുകയാണ്. ‘അവന്‍ ഇപ്പോള്‍ ഇങ്ങനെയാണ്. അവന്റെ കടശ്ശിക്കുട്ടിയെയാണ് ഓഖി കൊണ്ടുപോയത്…’ അയല്‍വാസിയായ ഫിലോമിന പറഞ്ഞു.
വിന്‍സെന്റിന്റെ ഇളയമകന്‍ വിനീഷ് തുഴയുമെടുത്ത് കടലിലേക്ക് ഇറങ്ങിയത് 14-ാം വയസിലാണ്. വിന്‍സെന്റിന് കിഡ്‌നി രോഗമായതിനാല്‍ അന്നത്തിനും മരുന്നിനുമെല്ലാം വക കണ്ടെത്തണമെങ്കില്‍ വിനീഷിന്റെ വല നിറയണമായിരുന്നു. ‘അന്നൊരു ബുധനാഴ്ചയായിരുന്നു. കടലില്‍ പോകാന്‍ മടിച്ച് ഉറങ്ങിക്കിടന്ന അവനെ മറ്റ് വള്ളക്കാര്‍ വിളിച്ചുണര്‍ത്തിക്കൊണ്ടു പോയതാണ്. പിന്നെ ഞാനവനെ കണ്ടില്ല. ഇപ്പോഴവിടെയുണ്ടവന്‍’- മുറിയിലെ ചുമരിലേക്ക് ചൂണ്ടി വിന്‍സെന്റ് പറഞ്ഞു. ചുമരില്‍ യേശുദേവന്റെ ചിത്രത്തിനടുത്ത് വിനീഷിന്റെ ചിത്രം. 51കാരന്‍ മുത്തപ്പന്‍, 32 കാരന്‍ സാബു എന്നിവര്‍ക്കൊപ്പമാണ് വിനീഷ് കടലില്‍ പോയത്.
ശക്തമായ തിരയടിച്ച് മൂവരും വള്ളത്തില്‍ നിന്നു തെറിച്ചുവീഴുമ്പോള്‍ പ്രായക്കൂടുതലുള്ള മുത്തപ്പനെ രക്ഷിക്കാനായിരുന്നു സാബുവും വിനീഷും ശ്രമിച്ചത്. മൂന്നാം ദിവസം മുത്തപ്പന്‍ രക്ഷപ്പെട്ടു. വിനീഷിനൊപ്പം സാബുവിനെയും കടല്‍ കൊണ്ടുപോയി. പിന്നെ ഒറ്റയ്‌ക്കൊരു വീട്ടിലായി വിന്‍സെന്റ്. എപ്പോഴും ഒരു തമിഴ്പാട്ട് ഉച്ചത്തില്‍ കേള്‍പ്പിച്ച് വീട്ടിനകത്തു കഴിയും. ആരോടും സംസാരമില്ല. വിന്‍സെന്റിന്റെ മനസ് പിടിവിട്ടുപോയെന്ന് മനസിലായ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് അയാളെ കടല്‍തീരത്തേക്കു കൂട്ടിക്കൊണ്ടു പോയി മറ്റുള്ളവര്‍ക്കൊപ്പം ഇരുത്തി. ഒരു വിധം മാറ്റിയെടുത്തു. ഇപ്പോള്‍ ഇങ്ങനെയാണ് കടപ്പുറത്തു പോകും അവിടെ കിടന്നുറങ്ങും. ‘വീട്ടിലിരുന്നാല്‍ എനിക്ക് ചിലപ്പോള്‍ പിരാന്ത് വരുമെന്നാണ് ഇവരൊക്കെ പറയുന്നത്.’ വിന്‍സെന്റ് പറയുന്നു. ശേഷം കതകടച്ച് മുറിയ്ക്കുള്ളിലേയ്ക്ക് വിന്‍സെന്റ് ഒതുങ്ങി കൂടി.