ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു മലയാളി കൂടി ന്യൂയോര്‍ക്കില്‍ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റ്യനാണ് മരിച്ചത്. രോഗം ബാധിച്ച് ആശുപത്രിയിലായിരുന്ന ഭാര്യയും ഇളയ മകളും രോഗമുക്തരായി.
കൊറോണ ബാധിച്ച് കഴിഞ്ഞ 15 ദിവസമായി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു പോള്‍ സെബാസ്റ്റ്യന്‍. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മോനിപ്പള്ളിയിലെ വീട്ടില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്.
പോള്‍ സെബാസ്റ്റ്യന്‍ പിന്നാലെ കൊറോണ ബാധിച്ച് ഇയാളുടെ ഭാര്യയും ഇളയ മകളും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ രണ്ടുപേരും രോഗമുക്തരായെന്നാണ് വിവരം. പോള്‍ സെബാസ്റ്റ്യനും കുടുംബവും കഴിഞ്ഞ 25 വര്‍ഷമായി ന്യൂയോര്‍ക്കിലായിരുന്നു താമസം.
ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇടുക്കി കഞ്ഞിക്കുഴി സെന്റ് തോമസ് എച്ച്എസ്എസിലെ മുന്‍ അധ്യാപകന് കൂടിയാണ് മരിച്ച സെബാസ്റ്റ്യന്‍. കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
Discussion about this post