ഇടുക്കി: കൊറോണ വൈറസില്‍ നിന്നും മുക്തമാകുവാനുള്ള പരിശ്രമത്തിനിടെ പുതിയ വെല്ലുവിളിയായി ഡെങ്കിപ്പനിയും. തൊടുപുഴ മേഖലയില്‍ ഇതുവരെ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം തുടങ്ങിയ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പിനി സ്ഥിരീകരിച്ചിരിക്കുന്നത്. പനി സ്ഥിരീകരിച്ച പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം, കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലായതിനാല്‍ ഡെങ്കിപ്പനിയെ ചെറുക്കാന്‍ വീട്ടിലിരിക്കുന്ന ഓരോത്തരും സഹകരിക്കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനല്‍ മഴ കൂടി വന്നതോടെയാണ് ഡെങ്കിപ്പനി വ്യാപനം കൂടാന്‍ ഇടയാക്കിയത്.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കള്, ടയറുകള്‍, റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടികിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുന്ന എല്ലാവരും പരിസര ശുചീകരണത്തിന് തയ്യാറാകണമെന്ന് ആരോഗ്യവകുപ്പും അഭ്യര്‍ത്ഥിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മറ്റ് കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനാകുന്നില്ല. ഈ സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കണം. പനി വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യവകുപ്പുമായും ആശാപ്രവര്‍ത്തകരുമായും ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.
Discussion about this post