തിരുവനന്തപുരം: കേരളത്തില്‍ ചികിത്സയ്ക്കായി എത്തുന്നവരെയും ഗര്‍ഭിണികളെയും ചെക്‌പോസ്റ്റുകളില്‍ നിന്ന് കടത്തിവിടാന്‍ മാര്‍ഗനിര്‍ദേശം. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പലരും പ്രത്യേകിച്ചും കേരളീയര്‍ ഇവിടെ ചികിത്സയ്ക്കും പ്രസവത്തിനും എത്തുന്നതിനാലാണ് ഈ ഇളവെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ ഏത് ജില്ലയിലാണോ ചികിത്സയ്ക്ക് എത്തുന്നത് അവിടത്തെ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. കളക്ടര്‍ നല്‍കുന്ന സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരില്‍ നിന്ന് വാഹനപ്പാസ് വാങ്ങണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമേ രോഗിക്കൊപ്പം വാഹനത്തില്‍ ഉണ്ടാകാവൂ.
കേരളത്തിലെ ചികിത്സ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഇവരെ കടത്തിവിടുകയുള്ളൂ. അതേസമയം കേരളത്തില്‍ പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികള്‍ക്കും ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പ്രസവം പ്രതീക്ഷിക്കുന്ന തീയതി രേഖപ്പെടുത്തിയിരിക്കണം. റോഡുമാര്‍ഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തണം.
ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വാഹനപ്പാസ് വാങ്ങണം. വാഹനത്തില്‍ മൂന്നുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. സാമൂഹിക അകലം പാലിക്കണം. ഗര്‍ഭിണിക്കൊപ്പമുള്ള കുട്ടികളേയും കടത്തിവിടും.
ഗര്‍ഭിണി ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടത്തെ കളക്ടര്‍ക്ക് ഇ-മെയിലിലൂടെയോ വാട്‌സാപ്പിലൂടെയോ അപേക്ഷ നല്‍കണം. കേരളത്തില്‍ പ്രവേശിപ്പിക്കാന്‍ അര്‍ഹയാണെങ്കില്‍ തീയതിയും സമയവും കളക്ടര്‍ അംഗീകരിക്കും. ഇതുകൂടി ചേര്‍ത്തുവേണം താമസിക്കുന്ന സ്ഥലത്ത് വാഹനപ്പാസിന് അപേക്ഷിക്കേണ്ടത്. കേരളത്തിലെ ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പാസ് പരിശോധിച്ച് വാഹനം കടത്തിവിടണം.
അതേസമയം, ബന്ധുക്കളുടെ മരണത്തിനെത്തുന്നവര്‍ക്കും സത്യവാങ്മൂലവും പാസും നിര്‍ബന്ധമാണ്. കേരളത്തിലേക്ക് എത്തുന്നവര്‍ താമസിക്കുന്ന സംസ്ഥാനത്തുനിന്ന് വാഹനപ്പാസ് വാങ്ങണം. മരിച്ചവരുടെയും മരണാസന്നരുടേയും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം കാണിക്കണം. നിജസ്ഥിതി പരിശോധിച്ച ശേഷമേ പോലീസ് കടത്തിവിടുകയുള്ളൂ.
Discussion about this post