കൊച്ചി: ലോക്ക് ഡൗണിലും അതിര്‍ത്തി കടന്ന് മരണത്തെ മുഖാമുഖം കണ്ട് കേരളത്തിലെത്തിയ കുഞ്ഞ് മാലാഖയ്ക്ക് പുതുജീവിതം. കഴിഞ്ഞദിവസം രാത്രി
നാഗര്‍കോവില്‍ ജയഹരണ്‍ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി.
കടുത്ത ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഇടപെടലാണ് കുഞ്ഞിനെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചത്. വിഷുദിനത്തില്‍ രാവിലെയാണ് നാഗര്‍കോവില്‍ സ്വദേശിയായ യുവതി ജയഹരണ്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ജനിച്ച ഉടന്‍ കുഞ്ഞിന്റെ ശരീരത്തില്‍ നീല നിറം പടര്‍ന്ന് ഗുരുതരാവസ്ഥയിലായി. ലിസി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് കുട്ടിക്ക് എത്രയും വേഗം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമെന്ന് നിശ്ചയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിര്‍ത്തി കടന്നുള്ള യാത്ര ദുഷ്കരമായതിനാല് ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരുമായും ജില്ലാ ഭരണകൂടവുമായും തമിഴ്നാട് സര്‍ക്കാരുമായും ബന്ധപ്പെട്ട് യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.
തുടര്‍ന്ന് ലിസി ആശുപത്രിയില്‍ നിന്നും അയച്ച ആംബുലന്‍സിലെ പ്രത്യേകം തയ്യാറാക്കിയ വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റുകയും ഉടന്‍ തന്നെ എറണാകുളത്തേക്ക് തിരിക്കുകയും ചെയ്തു. രാത്രി പത്തു മണിയോടെ ലിസിയില്‍ എത്തിച്ചേര്‍ന്ന കുഞ്ഞിനെ ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി വിശദമായ പരിശോധനകള്‍ക്ക് വിധേയയാക്കി.
സാധാരണയായി ഹൃദയത്തിന്റെ വലത്തേ അറയില്‍ നിന്നും പമ്പ് ചെയ്യുന്ന അശുദ്ധരക്തം പള്‍മണറി ആര്‍ട്ടറി വഴി ശ്വാസകോശത്തില്‍ എത്തി ശുദ്ധീകരിക്കപ്പെട്ട ശേഷം അവിടെ നിന്ന് ഇടത്തെ അറയിലെത്തി മഹാധമനി വഴി തലച്ചോര്‍ അടക്കമുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് പതിവ്.
എന്നാല്‍ ഈ കുഞ്ഞില്‍ ശുദ്ധരക്തവും, അശുദ്ധരക്തവും വഹിക്കുന്ന ധമനികള്‍ പരസ്പരം മാറിയ നിലയിലായിരുന്നു. അതിനാലാണ് അശുദ്ധരക്തം നിറഞ്ഞു കുട്ടിയുടെ ശരീരം നീലനിറമായത്. കുഞ്ഞുങ്ങളില്‍ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളില്‍ ഏറ്റവും സങ്കീര്‍ണവും, അപൂര്‍വ്വവുമായ രോഗാവസ്ഥയാണിത്. പരിശോധനകള്‍ക്ക് ശേഷം രാവിലെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി.
രണ്ട് ധമനികളും മുറിച്ചെടുത്തു പരസ്പരം മാറ്റി സ്ഥാപിക്കുന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് കുഞ്ഞിന് നടത്തിയത്. അതോടൊപ്പം തന്നെ മഹാധമനിയില്‍ നിന്ന് ആരംഭിക്കുന്ന ഒരു മില്ലിമീറ്റര്‍ വ്യാസം മാത്രമുള്ള രക്തധമനികളെ ഇടത്തെ അറയിലേക്ക് മാറ്റുകയും ചെയ്തു.
ഏകദേശം ഏഴു മണിക്കൂര്‍ സമയമെടുത്താണ് കുട്ടികളുടെ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ജിഎസ് സുനിലിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രാധാന്യമേറിയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post