തിരുവനന്തപുരം: വാമനപുരത്ത് നിന്ന് മൂന്ന് ദിവസം മുന്‍പ് കാണാതായ വൃദ്ധനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ തോട്ടവാരം കുഴിയില്‍മുക്ക് കൃഷ്ണവിലാസത്തില്‍ കൃഷ്ണന്‍കുട്ടി(65) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണന്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷ്ണന്‍കുട്ടി കൊല്ലമ്പുഴ പാലത്തില്‍ നില്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ പുഴയിലേയ്ക്ക് ചാടുന്നത് മാത്രം ദൃശ്യങ്ങളില്‍ ഇല്ല. ഇതാണ് ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തിലെ കുരുക്കുകള്‍ അഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് പരിശോധിക്കുമ്പോഴാണ് ആറ്റില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജനപ്രതിനിധികളെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.