പാലക്കാട്: കൊറോണ വൈറസ് ഭീതിയിലാഴ്ത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ജനം പുറത്തിറങ്ങാതായി. വിനോദ സഞ്ചാര കേന്ദ്രങ്ങളും പലതും അടച്ചു. എല്ലാവരും വീടുകളില്‍ തന്നെ ഒതുങ്ങി കൂടേണ്ട സ്ഥിതിയാണുള്ളത്. വീടുകളില്‍ ഒതുങ്ങി കഴിയുമ്പോഴും അവശ്യ സാധനങ്ങളും മറ്റും എത്തിക്കാനും കഴിക്കാനും സജ്ജീകരണങ്ങളും സര്‍ക്കാര്‍ സേവനങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ അന്നം കിട്ടാതെ അലയുന്നത് ഒരു പറ്റം കുരങ്ങുകളാണ്.
സഞ്ചാരികളെയും വഴിയാത്രക്കാരെയും മാത്രം ആശ്രയിച്ച്, അവരില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം മാത്രം കിട്ടാന്‍ വഴിയുള്ള കുരങ്ങുകളാണ് ആപ്പിലായത്. ഭക്ഷണം ലഭിക്കാതെ അലഞ്ഞ് തിരിഞ്ഞ ഈ കൂട്ടം കുരങ്ങന്മാര്ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും സുഹൃത്തുക്കളും. സ്വകാര്യ ചാനലിലെ ക്യാമറാമാനായ രാജേഷ് പിആറിന്റെ നേതൃത്വത്തിലാണ് കുരങ്ങന്മാര്ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയത്.
വിഷുദിനത്തില്‍ ഉച്ചയ്ക്കാണ് വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപമുള്ള വനാതിര്‍ത്തിയിലുള്ള കുരങ്ങുകള്‍ക്കാണ് ഇക്കൂട്ടര്‍ പഴവും മറ്റ് സാധനങ്ങളും എത്തിച്ച് നല്‍കിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തില്‍ വലയുന്നവരെ സഹായിക്കാനും ഇക്കൂട്ടര്‍ രംഗത്തുണ്ട്. ഇത്തരത്തില്‍ മരുന്ന് ആവശ്യമുള്ള വ്യക്തിക്ക് അത് എത്തിച്ച് നല്കാന് വാളയാറിലേയ്ക്ക് പോകവെയാണ് ഭക്ഷണത്തിനായി അലയുന്ന കുരങ്ങുകളെ കണ്ണില്‍പ്പെട്ടത്.
ഉടനെ അവര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ എത്തിച്ച് കൊടുക്കുകയായിരുന്നു. ലോക്ക് ഡൗണില്‍ വലയുന്ന ഈ മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണമെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും നിര്‍ദേശമുണ്ടായിരുന്നു. ഇതെല്ലാം ഉള്‍കൊണ്ട് രംഗത്ത് വന്നവരും കുറവല്ല. ഇതിനിടയിലാണ് ഈ മാധ്യമപ്രവര്‍ത്തകന്റെയും സുഹൃത്തുക്കളുടെയും പ്രവര്‍ത്തനം മാതൃകയാവുന്നത്.
Discussion about this post