ബംഗളൂരു: മലയാളി ബൈക്കറെ കര്‍ണാടകയില്‍ കാണാതായി. കോഴിക്കോട് നിന്ന് കര്‍ണാടകയിലേക്ക് നടത്തിയ ഒറ്റയ്ക്കുള്ള ബൈക്ക് യാത്രയ്ക്കിടെയാണ് മൂന്നുദിവസങ്ങള്‍ക്ക് മുമ്പ് മലയാളി യുവാവിനെ കാണാതായത്. കോഴിക്കോട് നിന്നുള്ള എസ് സന്ദീപിനെയാണ് ഷിമോഗ, ചിക്കമംഗളൂരു മേഖലയില്‍ കാണാതായത്. സന്ദീപിന്റെ മോട്ടോര്‍ സൈക്കിള്‍ ചിക്കമംഗളൂരുവില്‍ പോലീസ് കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച്ച രാവിലെയാണ് സന്ദീപ് കോഴിക്കോട് നിന്ന് യാത്ര തിരിച്ചതെന്ന് സഹപ്രവര്‍ത്തകനായ ഫില്ഷെര് ചെമ്മാടന്‍ പറഞ്ഞു. യുഎന്‍ റെനഗേഡ് കമാന്‍ഡോ ബൈക്കിലായിരുന്നു യാത്ര. കോഴിക്കോട് പോലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
ദീര്‍ഘദൂര ബൈക്ക് യാത്രകളോട് പ്രിയമുള്ളയാളായിരുന്നു സന്ദീപ്. കോളേജ് വിദ്യാഭ്യാസകാലം മുതല്‍ സന്ദീപ് യാത്ര പതിവാക്കിയിരുന്നു. തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ സന്ദീപ് ഒറ്റയ്ക്ക് നീണ്ട യാത്രകള്‍ നടത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം യാത്രകള്‍ കുറച്ചിരുന്നു- സുഹൃത്ത് പറയുന്നു. വിവാഹിതനായ സന്ദീപിന് ഒരു മകനുണ്ട്.
കേസ് അന്വേഷിക്കുന്ന കോഴിക്കോട് പോലീസ് വിവരങ്ങള്‍ ഷിമോഗ പോലീസിന് കൈമാറിയിട്ടുണ്ട്. കോപ എന്ന സ്ഥലത്ത് ആണ് അവസാനമായി സന്ദീപിന്റെ മൊബൈല്‍ഫോണ്‍ സിഗ്നല്‍ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞത്. റോഡിന് ഓരത്ത് കൃത്യമായി പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു ബൈക്ക്. ബൈക്കിന്റെ ലഗേജ് ബോക്സില്‍ നിന്ന് പേഴ്സും തിരിച്ചറിയല്‍ കാര്‍ഡും പോലീസിന് ലഭിച്ചു. എതെങ്കിലും രീതിയിലുള്ള അക്രമണം പോലീസ് സംശയിക്കുന്നില്ല. ബൈക്ക് കണ്ടെത്തിയതിന് തൊട്ടടുത്ത് പുഴയുണ്ട്. ഇവിടെ തിരച്ചില്‍ നടത്തും. മൊബൈല്‍ഫോണ്‍ ഇപ്പോള്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.
Discussion about this post