കൊച്ചി; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാടും നഗരവുമൊക്കെ വിജനമായിരിക്കുകയാണ്. അത്തരത്തില്‍ ആളും ആരവങ്ങളും ഇല്ലാത്ത ലോക്ക് ഡൗണ്‍ കാലത്തെ കൊച്ചിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആണ് ഇത്തരത്തിലൊരു വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് മട്ടാഞ്ചേരി ജൂതത്തെരുവ്, തോപ്പുപടി പാലം, വൈറ്റില, എംജി റോഡ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം, ഇടപ്പള്ളി, കളമശേരി എന്നീ പോയിന്റുകള്‍ കടന്ന് ആലുവയിലാണ് അവസാനിക്കുന്നത്.
ഒരു മഹാമാരിയുടെ ഓര്‍മ്മയ്ക്കായി ചരിത്രത്താളുകളില്‍ ഇടം പിടിക്കേണ്ട ചിത്രീകരണമാണ് ഇതെന്നും ഇനിയും വരാനിരിക്കുന്ന തലമുറകള്‍ക്ക് പാഠപുസ്തകമാകാനുള്ള ചരിത്ര രേഖയാണ് ഈ വീഡിയോ എന്നൊക്കെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. ഇതു വരെ ആസ്വദിച്ചിട്ടില്ലാത്ത കൊച്ചിയുടെ അപൂര്‍വ്വ സൗന്ദര്യമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഡ്രോണ്‍ ക്യാമറയും ഗോപ്രോയും ഉപയോഗിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ വീഡിയോ സ്ട്രിംഗര്‍ ആയ രഘുരാജ് അമ്പലമേടാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Discussion about this post