കണ്ണൂര്‍; കണ്ണൂരില്‍ പാലത്തായിയില്‍ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ അറസ്റ്റ് എന്തുകൊണ്ട് വൈകുന്നുവെന്ന് പോലീസിനോട് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ. നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതികരണവുമായി മന്ത്രി എത്തിയത്.
ബിജെപി നേതാവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ പോലീസിനെതിരെ കര്‍ശന നടപടി എടുക്കേണ്ടി വരുമെന്നും കേരള പോലീസിന് അപമാനമാകുന്ന രീതി ഉണ്ടാകരുതെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നല്കി. ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് നാലാം ക്ലാസുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി.
ബിജെപി നേതാവിനെതിരെ പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.
അതിനിടെയാണ് സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച് മന്ത്രി കെകെ ശൈലജ രംഗത്തെത്തിയത്. ‘കേസ് അറിഞ്ഞപ്പോള്‍ തന്നെ താന്‍ ഡിവൈഎസ്പി വേണുഗോപാലിനെ നേരിട്ട് വിളിച്ചിരുന്നു. അപ്പോള്‍ ആ കുഞ്ഞിന്റെ രക്ഷിതാക്കള്‍ അദ്ദേഹത്തിന് മുന്നില്‍ ഉണ്ടായിരുന്നുവെന്നും പ്രതിയെ പിടിക്കുമെന്ന് അവരുടെ മുന്നില്‍ വച്ച് അദ്ദേഹം ഉറപ്പുതന്നതാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ പ്രതി ഒളിവിലാണെന്നാണ് ലഭിച്ച മറുപടി. താന്‍ ഡിജിപിയെ വിളിച്ച് ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഡിവൈഎസ്പിയോട് വീണ്ടും കര്‍ശനമായി ആവശ്യപ്പെട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആ കുഞ്ഞ് അനുഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കാന്‍ പോലും പറ്റാത്ത ഒന്നാണെന്നും ആ ക്രൂരത കാണിച്ച പ്രതിയെ പിടിക്കാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേരള പൊലീസിന് തന്നെ അപമാനമാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post