തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ നടന്ന വാഹനപരിശോധനയില്‍ ബൈക്ക് യാത്രക്കാരനില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. മുതിയാവവിള സ്വദേശിയായ പാമ്പുപിടിത്തക്കാരന്‍ രതീഷ് ആണ് മൂര്‍ഖന്‍ പാമ്പുമായി പോലീസിന്റെ മുമ്പില്‍പെട്ടുപോയത്.
മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടലയില്‍ ഒരു വീട്ടില്‍ നിന്ന് മൂര്‍ഖനെ പിടികൂടി തിരിച്ചു വരുന്ന വഴിയായിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ ബൈക്കിലെത്തിയ രതീഷിനെ തടഞ്ഞ പോലീസ് യാത്രയുടെ ഉദ്ദേശ്യമടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചു. വനംവകുപ്പ് അറിയിച്ചത് അനുസരിച്ച് പാമ്പ് പിടിക്കാന്‍ പോയതാണെന്നും മതിയായ രേഖകളും രതീഷ് പോലീസിന് മുന്നില്‍ കാണിച്ചു.
കുപ്പിയിലടച്ച മൂര്‍ഖനെ കൂടി കണ്ടപ്പോള്‍ കട്ടക്കലിപ്പില്‍ നിന്ന പോലീസ് ഒരുനിമിഷം ലോക്ക് ഡൗണിന്റെ കാര്യവും മറന്നു പോയി. ചിലര്‍ ഫോട്ടോ പിടിക്കാന്‍ അടുത്തുകൂടി. വനിത സിപിഒ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ കൗതുകത്തോടെ പാമ്പിനെ കാണാന്‍ കൂടി.
കാട്ടാക്കട ജംഗ്ഷനില്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഡി ബിജുകുമാറും സംഘവും ആണ് രതീഷിനെ യാത്രോദേശം അറിയാന്‍ തടഞ്ഞത്. 12 വര്‍ഷമായി ഈ രംഗത്തുള്ള താന്‍ ഓട്ടോ ഓടിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതെന്നും രതീഷ് പറഞ്ഞു.
ഏതായാലും ഭാവിയില്‍ രതീഷിന്റെ സേവനം ആവശ്യമായി വന്നാല്‍ വിളിക്കാനായി മൊബൈല്‍ നമ്പറും മേല്‍വിലാസവും പോലീസ് വാങ്ങി. അതിനുശേഷമാണ് രതീഷിനെ പറഞ്ഞുവിട്ടത്.
Discussion about this post