മലപ്പുറം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ നിരോധനാജ്ഞ നീട്ടി. മെയ് മൂന്ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ ഭരണകൂടം ഇറക്കി.
ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രിയോടെ അവസാനിരിക്കെയാണ് ജില്ലാ ഭരണകൂടം പുതിയ ഉത്തരവ് ഇറക്കിയത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് ജില്ലയില്‍ നിരോധനാജ്ഞ നീട്ടുന്നത്.
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് അറിയിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താതെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. അടുത്ത ഒരാഴ്ച നിര്‍ണായകമായതിനാലാണ് ഇളവുകള്‍ വരുത്താത്തത്.
ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. കൊവിഡ് ബാധിത പ്രദേശങ്ങള്‍ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏപ്രില്‍ 20 നുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.