തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞത് കൊണ്ട് വൈറസ് പോയെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. ആരോഗ്യവകുപ്പിന്റെ കണ്ണില്‍പെടാത്ത ഒരു രോഗി എവിടെയെങ്കിലും ഉണ്ടെങ്കില്‍ അയാളില്‍ നിന്ന് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
അതിനാല്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, ഒരുമിച്ച് ചേര്‍ന്ന് ഈ മഹാവിപത്തിനെ ചെറുക്കാമെന്നും മന്ത്രി പറഞ്ഞു. മഹാമാരിയെ തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ആശ്വാസം ഉണ്ട്. പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ഭീതി ഒന്നു കുറഞ്ഞ ശേഷമാണ് നിസാമുദ്ദീനില്‍ നിന്നും ഗള്‍ഫില്‍ നിന്നും വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പ്രത്യേകിച്ചുണ്ടായിരുന്ന ഭയം മാറി. അവിടുത്തെ ഇന്‍കുബേഷന്‍ പിരീഡ് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.