ന്യൂഡൽഹി: രാജ്യാതിർത്തികൾ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അടച്ചതിനാൽ മടങ്ങാനാകാതെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുക പ്രായോഗികമല്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദ്യാർത്ഥികളെല്ലാവരും സുരക്ഷിതരാണ് രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ല. ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്ന് മന്ത്രി പറഞ്ഞു.
യുകെ, അമേരിക്ക, ഫിലിപ്പീൻസ്, മൾഡോവ, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ട്. ഇവരെയിപ്പോൾ തിരിച്ചുകൊണ്ടുവരിക പ്രായോഗികമല്ല. അവർ താമസിക്കുന്ന സ്ഥലങ്ങളിൽതന്നെ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രായോഗികം. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസികൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളോട് അവിടങ്ങളിൽതന്നെ തുടരാൻ പറയുകയും അവിടുത്തെ സൗകര്യങ്ങളിൽ പോരായ്മയുണ്ടെങ്കിൽ അറിയിക്കുകയുമാണ് രക്ഷിതാക്കൾ ചെയ്യേണ്ടത് മന്ത്രി പറഞ്ഞു.
മൾഡോവ എന്ന ചെറിയ രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ വിദ്യാർത്ഥികളുള്ളത് കേരളത്തിൽനിന്നാണ്. അവിടുത്തെ 550 ഇന്ത്യൻ വിദ്യാർത്ഥികളിൽ 400 പേർ മലയാളികളാണ്. സർവകലാശാലാ ഹോസ്റ്റലിൽ സർവവിധ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് അംബാസഡർ അറിയിച്ചിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യവും മാനസികാരോഗ്യവും വിലയിരുത്താൻ സർവകലാശാലതന്നെ ഡോക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ വിദ്യാർഥികൾക്ക് ചുരുങ്ങിയ ചെലവിൽ ഭക്ഷണവും താമസസൗകര്യവും ലഭിക്കാനുള്ള സൗകര്യങ്ങൾ ഇന്ത്യൻ എംബസിതന്നെ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇറാനിൽ രോഗബാധയുള്ള മേഖലയിലുണ്ടായിരുന്ന ഇന്ത്യൻ തീർഥാടകരെ ഏറക്കുറെ തിരിച്ചെത്തിച്ചു. ഇപ്പോൾ അവിടെയുള്ള മത്സ്യത്തൊഴിലാളികളിൽ നൂറോളം പേർ മലയാളികളും എണ്ണൂറോളം പേർ തമിഴരുമാണ്. ഇവരെല്ലാവരും രോഗവ്യാപനമില്ലാത്ത ദക്ഷിണ ഇറാനിലാണുള്ളത്. അവർ സുരക്ഷിതരാണ് മന്ത്രി അറിയിച്ചു.