തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് ഒപ്പം നിന്ന് പ്രവർത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവർപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. കഠിനമായ ചൂടിൽ പോലും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനായി ആത്മാർത്ഥമായി സേവനം ചെയ്യുകയാണ് പോലീസ്. വീട്ടിൽ ഇരിക്കുന്നത് തന്നെയാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും പോലീസുകാർ നമ്മളെ വീട്ടിലിരിക്കാൻ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുതെന്നും മന്ത്രി ഉപദേശിച്ചു.
കേരളത്തിൽ നമ്മൾ കാണിച്ച ജാഗ്രതയാണ് സമൂഹ വ്യാപനത്തിലേക്ക് പോകാതെ സഹായിച്ചത്. പോലീസുകാർ നമ്മളെ വീട്ടിലിരിക്കാൻ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുത്. സാധനങ്ങൾ വാങ്ങാനെന്ന പേരിൽ കിലോമീറ്ററുകളോളം പോകേണ്ടതില്ല. തൊട്ടടുത്ത കടകളിൽ പോയി തിരക്ക് കൂട്ടാതെ സാമൂഹിക അകലം പാലിച്ച് വാങ്ങുക. ആശുപത്രി പോലുള്ള അത്യാവശ്യ യാത്രകൾക്ക് തടസമില്ല. കുറച്ച് ത്യാഗം സഹിച്ചാൽ മാത്രമേ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ. അനാവശ്യ യാത്ര നടത്തുന്നവരെ ബോധവത്ക്കരണത്തിലൂടെയും നിയമത്തിലൂടെയും വീട്ടിലിരുത്തിയ പോലീസ് സേനയുടെ പ്രവർത്തനം ഒരിക്കലും വിസ്മരിക്കാനാകില്ല.
ആരോഗ്യ പ്രവർത്തകർക്കായും പോലീസ് ഉദ്യോഗസ്ഥർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ബ്രേക്ക് ദ ചെയിൻ കാമ്പയിൻ വൻ വിജയമാക്കിയതിൽ പോലീസ് സേനയുടെ പങ്ക് ചെറുതല്ല. ഹിറ്റായ പോലീസുകാരുടെ കൈകഴുകൽ ഡാൻസും പാട്ടുമെല്ലാം പ്രചാരണത്തിൽ വലിയ പങ്ക് വഹിച്ചു. ജയിലുകളിലും പുറത്തും പോലീസുകാരുടെ നേതൃത്വത്തിൽ മാസ്കും സാനിറ്ററൈസറും ഉണ്ടാക്കി നൽകിയത് ആരോഗ്യ പ്രവർത്തകർക്ക് വലിയ സഹായകമായി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്കും കൂട്ടിരിപ്പുകാർക്കുമായി പോലീസുകാർ ഭക്ഷണമെത്തിച്ചു നൽകുന്നു. തുകൂടാതെ വിവിധ സ്ഥലങ്ങളിൽ കഴിയുന്ന ആരുമില്ലാത്തവർക്കും ഭക്ഷണമെത്തിച്ചു നൽകി വരുന്നു.
ലോക്ക് ൗൺ സമയത്ത് തിരുവനന്തപുരത്തു നിന്നും കാസർകോട് കാവിഡ് ആശുപത്രിയിലേക്ക് പോയ ഡോക്ടർ സംഘത്തിന് ഭക്ഷണം ഉൾപ്പെടെ നൽകി യാത്ര സുഗമമാക്കിയതും പോലീസാണ്. രോഗികൾക്ക് മരുന്നെത്തിക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനും പോലീസും ഫയർഫോഴ്സും വലിയ സേവനമാണ് ചെയ്യുന്നത്. എമർജൻസി നമ്പരായ 112ൽ വിളിച്ചാൽ ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു നൽകുന്നതിനും പോലീസിന്റെ സഹായമുണ്ട്.
ബന്ധുക്കളാരെങ്കിലും അടുത്തുണ്ടെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ മരുന്നെത്തിച്ചാൽ ഹൈവേ പെട്രോൾ വാഹനം വഴി എത്ര ദൂരെയുള്ള ആളിനും ദിവസേന മരുന്നെത്തിക്കുന്നു. സഹായിക്കാനാരുമില്ലാത്തവർക്കും പോലീസ് സഹായം ഉറപ്പാണ്. ആർസിസിയിൽ ചികിത്സയിലുള്ളവർക്കും മാരക രോഗമുള്ളവർക്കും നേരിട്ട് വന്നെത്താൻ കഴിയാത്തവർക്കും ഇതേറെ അനുഗ്രഹമാണ്. ഇതിന് പുറമേ ആരോഗ്യ പ്രവർത്തകരെ പോലീസ് ഉദ്യോഗസ്ഥർ ആദരിക്കുകയും ചെയ്തു. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിലെ പോലീസുകാർ വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചത് ഏറെ ശ്രദ്ധ നേടിയെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനും കറങ്ങി നടക്കുന്നവരെ കണ്ടെത്താനുമായുള്ള തൃശൂരിലെ ബുള്ളറ്റിൽ സഞ്ചരിക്കുന്ന വനിതാ പോലീസിന് പ്രത്യേക അഭിനന്ദനങ്ങൾ നൽകിയ ആരോഗ്യമന്ത്രി സ്വന്തം ആരോഗ്യം പോലും നോക്കാതെ അഹോരാത്രം കഷ്ടപ്പെടുന്ന പോലീസ് സേനയിലെ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നതായും വ്യക്തമാക്കി.
Discussion about this post