തൃശ്ശൂർ: കൊവിഡ് 19നോട് പൊരുതുന്ന കേരളത്തിന് പുറത്തുനിന്നുള്ള സഹായങ്ങളെല്ലാം പരിമിതമായതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തന്നെയാണ് ഈ ദുരിതകാലത്ത് ആശ്രയം. ജനങ്ങൾ സഹായിച്ചാൽ മാത്രമെ സംസ്ഥാനത്തിന് ഇപ്പോഴുള്ളത് പോലെ തന്നെ കൊവിഡിന് എതിരെ തളരാതെ പോരാടാനും സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ തൃശ്ശൂരിലെ മതിലകം ഗ്രാമപഞ്ചായത്ത് ധനസമാഹരണത്തിനായി ഒരു പുത്തൻ ആശയം തന്നെ അവതരിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർക്ക് ബിരിയാണി വിതരണം ചെയ്താണ് ഈ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഇജി സുരേന്ദ്രന്റെ തലയിൽ ഉദിച്ച ബുദ്ധിയാണ് ഈ ബിരിയാണിക്ക് പിന്നിലേത്. 100 രൂപ മാത്രം വിലയുള്ള രുചികരമായ കിടിലൻ ബിരിയാണിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാകം ചെയ്ത് വിതരണം ചെയ്തത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഒരു ബിരിയാണിക്ക് നൂറു രൂപ നിരക്കിൽ എത്തിക്കുകയായിരുന്നു.
ആയിരം ബിരിയാണിയുടെ ഓർഡറാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പഞ്ചായത്തിലെ ജനങ്ങൾ കട്ട സപ്പോർട്ടുമായി മുന്നോട്ട് വന്നതോടെ കിട്ടിയ ഓർഡർ തന്നെ 3000 കവിഞ്ഞു. ഇതോടെ ബിരിയാണിയുടെ ഓർഡർ എടുക്കുന്നത് തന്നെ നിർത്തിവെക്കേണ്ടി വന്നു. ഇത്രയേറെ ബിരിയാണികൾ ഓരോ വീടുകളിലും എത്തിച്ച് നൽകാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം.
ഓർഡറെടുത്ത ബിരിയാണികൾ വൊളണ്ടിയർമാരാണ് വീടുകളിൽ എത്തിച്ച് നൽകിയത്. കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിക്കുന്ന വൊളണ്ടിയർമാർ തന്നെയാണ് സൗജന്യമായി ഓർഡറുകൾ എത്തിച്ചത്.
3000 പേർക്കുള്ള ബിരിയാണി പാചകം ചെയ്യാൻ ആവശ്യമായ സവാളയും ബിരിയാണി അരിയും ചിക്കനും ഉൾപ്പടെയുള്ളവ വാങ്ങിക്കാനായി പണവും ഗ്രാമത്തിലെ സുമനസുകൾ സംഭാവനയായി നൽകിയതോടെ വലിയ പണച്ചെലവില്ലാതെ തന്നെ ബിരിയാണി പാകം ചെയ്യാനായി എന്ന് പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. കൂടാതെ കമ്മ്യൂണിറ്റി കിച്ചണിന്റെ ചുമതലയുള്ള കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ ബുദ്ധിമുട്ടിക്കാതെ പുരുഷന്മാർ തന്നെ നേരിട്ടായിരുന്നു പാചകം ഏറ്റെടുത്തത്.
17 വാർഡുകളിൽ നിന്നായി സമാഹരിച്ച രണ്ടര ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മതിലകം ഗ്രാമപഞ്ചായത്ത് സംഭാവന ചെയ്തിരുന്നു.