എടപ്പാൾ: ആഗോള ഭീഷണിയായ കൊവിഡ് 19 ന് എതിരെ കേരളത്തിന്റെ പ്രതിരോധം ലോക മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ മലയാളത്തിന് വിഷുക്കൈനീട്ടമായി മലപ്പുറത്തു നിന്ന് ആറു പേർ പുതു ജീവിതത്തിലേക്ക് മടങ്ങി. വൈറസ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായ ആറുപേർ ഇന്ന് ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്നു വീടുകളിലേക്ക് മടങ്ങി.
ജില്ലയിലെ ആദ്യ കോവിഡ് ബാധിതരിൽ ഒരാളായ അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശിനി അറുപതുകാരിയായ ഫാത്തിമയാണ് ആദ്യം പുറത്തേക്ക് വന്നത്. മാർച്ച് 13നാണ് ഇവർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്.
വേങ്ങര കൂരിയാട് സ്വദേശി അബ്ദുൾ കരീം (31), താനാളൂർ മീനടത്തൂർ സ്വദേശി അലിഷാൻ സലീം (28), മാർച്ച് 22ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദ് (24), മാർച്ച് 29 ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീർ (41), ഏപ്രിൽ ഒന്നിന് കോവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാൾ സ്വദേശി ഫാസിൽ (31) എന്നിവർ സാമൂഹിക അകലം പാലിച്ചുകൊണ്ട് പിന്നാലെയെത്തി.
കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തങ്ങൾക്ക് ലഭിച്ചതെന്നും ആരോഗ്യപ്രവർത്തകർക്കും സംസ്ഥാന സർക്കാരിനും നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നുവെന്നും ഇവർ പ്രതികരിച്ചു.
അബുദാബിയിൽ ജോലി തേടി വിസിറ്റിങ്ങ് വിസയിൽ പോയിരുന്ന അബ്ദുൾ കരീം മാർച്ച് 19നും സ്കോട്ലൻഡിൽ എംബിഎ വിദ്യാർത്ഥിയായിരുന്ന പാറപ്പുറത്ത് അലിഷാൻ സലീം മാർച്ച് 18നും നാട്ടിലെത്തിയവരാണ്. ദുബായിൽ ജോലി തേടി പോയതായിരുന്നു നാലകത്ത് മുഹമ്മദ് സഹദ. മാർച്ച് 21നാണ് നാട്ടിലെത്തിയത്.
ദുബായിൽ നിന്ന് മാർച്ച് 19ന് എത്തിയയാളാണ് മഞ്ചേരി പയ്യനാട് മുഹമ്മദ് ബഷീർ. എടപ്പാൾ സ്വദേശി ഫാസിൽ മാർച്ച് 19 നാണ് ഷാർജയിൽ നിന്ന് നാട്ടിലെത്തിയത്.
ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം എട്ടായി. മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എംപി ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെവി നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു തുടങ്ങിയവർ ചേർന്നാണ് എല്ലാവരേയും യാത്രയാക്കിയത്.
Discussion about this post