തിരുവനന്തപുരം: കേരളത്തിലെ വിസ്‌ക് മാതൃകയിലുള്ള ചെലവുകുറഞ്ഞ കൊവിഡ് ടെസ്റ്റിങ് ബൂത്തുകൾ തമിഴ്‌നാടിനായി നിർമ്മിച്ചുനൽകി കേരളം. തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീർ ശെൽവത്തിന്റെ മകനും തേനി എംപിയുമായ രവീന്ദ്ര കുമാറിന്റെ ആവശ്യപ്രകാരമാണ് കേരളം തമിഴ്‌നാടിനായി 18 വിസ്‌കുകൾ നിർമ്മിച്ചു നൽകിയത്.
വിലകൂടിയ പിപിഇ കിറ്റുകൾ ഒഴിവാക്കി ചെറിയ ചെലവിൽ കൊവിഡ് രോഗികളിൽ നിന്നോ രോഗം സംശയിക്കുന്നവരിൽ നിന്നോ പരിശോധനക്കായി സ്രവം ശേഖരിക്കുന്നതിന് വേണ്ടിയാണ് കൊവിഡ് വിസ്‌ക് യൂണിറ്റ് അഥവാ കിയോസ്‌കുകൾ സ്ഥാപിക്കുന്നത്. ഇതിലൂടെ സുരക്ഷിതമായി രണ്ടു മിനിറ്റിനുള്ളിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകളുടെ സാമ്പിളുകൾ ശേഖരിക്കാൻ കഴിയുമെന്നതാണ് കിയോസ്‌കുകളുടെ പ്രത്യേകത.
നിലവിൽ കൊവിഡ് സംശയത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി 1,16,941 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,16,125 പേർ വീടുകളിലും 816 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.