തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പ്രത്യേക പൂജകളും വഴിപാടുകളും വെബ് സ്ട്രീമിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രിമാരും വിവിധ ദേവസ്വം ബോര്‍ഡുകളും. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍.വാസു പറഞ്ഞു.
ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ വത്തിക്കാനില്‍ നിന്നും കേരളത്തിലെ വിവിധ പള്ളിക്കള്ളില്‍ നിന്നും തത്മസമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇത് മാതൃകയാക്കണമെന്ന് നിര്‍ദേശം വിവിധ ഇടങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. പിന്നാലെ ഇക്കാര്യം പരിശോധിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തന്ത്രിമാരും വിവിധ ദേവസ്വം ബോര്‍ഡുകളും.
വെബ്‌സ്ട്രീം ആചാരപരമല്ലെന്നും ശ്രീകോവിലിനുള്ളിലെ ചടങ്ങുകള്‍ ചിത്രീകരിക്കാനാകില്ലെന്നുമാണ് തന്ത്രിമാരുടെ നിലപാട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം. തന്ത്രിമാരുടെ അഭിപ്രായം മന്ത്രിയെ അറിയിച്ചെന്ന് എന്‍.വാസു പറഞ്ഞു.