മലപ്പുറം: ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ അടിച്ചോടിച്ചും ഏത്തമിടീച്ചും തിരികെ വീടുകളിലേക്ക് ഓടിക്കുന്ന പോലീസുകാരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ നടപടികളാണ് ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ മലപ്പുറം പോലീസ് ഇനി സ്വീകരിക്കുക.
അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നവരെ മലപ്പുറം പോലീസ് ഇനി സ്നേഹപൂര്‍വ്വം അരികിലേക്ക് വിളിക്കും. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തൊട്ടടുത്തുള്ള വലിയ സ്ക്രീനിനരികിലേക്ക് കൂട്ടിക്കൊണ്ടുപോകും. കോവിഡ് 19 എന്ന ലോക ഭീഷണിയെന്താണെന്ന് വെളിവാക്കുന്ന വീഡിയോകള്‍ കാണിച്ചുകൊടുക്കും. വിഷയത്തിന്റെ ഗൗരവം പൂര്‍ണമായും മനസിലാക്കിക്കഴിയുമ്പോള്‍ പിഴയൊടുക്കി രസീതും കൈപ്പറ്റി വീട്ടിലേക്കു മടങ്ങാം.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാതിരിക്കാനും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും വേണ്ടിയാണ് മലപ്പുറം പോലീസ് ഇത്തരത്തില്‍ ഒരു വ്യത്യസ്തമായ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഒരു കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ കാര്യങ്ങള്‍ പറഞ്ഞു ‘മനസ്സിലാക്കുകയാണ്’ വീഡിയോ പ്രദര്‍ശനത്തിലൂടെ ചെയ്യുന്നതെന്ന് മലപ്പുറം പോലീസ് വ്യക്തമാക്കി.
പദ്ധതി മലപ്പുറം കുന്നുമ്മലില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം സിഐ എ പ്രേംജിത്, എസ്ഐ സംഗീത് പുനത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് ബോധവത്കരണ വീഡിയോ തയ്യാറാക്കിയത്.
Discussion about this post