കാസര്‍കോട്: കൊറോണ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന പല രാഷ്ട്രീയ സംഘടനകളും രംഗത്തുണ്ട്. ദുരിതമനുഭവിക്കുന്നവരുടെ വീട്ടില്‍ ഭക്ഷണവും അവശ്യ സാധനങ്ങളും മറ്റും എത്തിച്ചും, വഴിയോരത്ത് അലയുന്നവരെ അന്നം ഊട്ടിയും നിരവധി പ്രവര്‍ത്തനങ്ങളാണ് പലരും നടത്തുന്നത്. ഇതില്‍ ബിജെപി പ്രവര്‍ത്തകരും സഹായം നീട്ടി രംഗത്തുണ്ട്.
എന്നാല്‍ തങ്ങള്‍ ചെയ്യുന്ന സഹായത്തിന് പ്രത്യുപകാരം വേണമെന്നാണ് ഇവരുടെ പക്ഷം. കൊറോണ സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയ അഭ്യര്‍ത്ഥന നടത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അഞ്ച് പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഒരു വീട്ടിലെത്തുകയും ഗൃഹനാഥയ്ക്ക് കിറ്റ് സമ്മാനിക്കുകയും ചെയ്തു. കൊറോണയുടെ ബുദ്ധിമുട്ടിന്റെ ഇടയില്‍ ഒരു സഹായം, തിരിച്ച് നമ്മളെയും സഹായിക്കണമെന്ന് പറഞ്ഞാണ് കിറ്റ് സമ്മാനിക്കുന്നത്.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് നമ്പര്‍ ഒന്‍പതിലെ കല്യാണ്‍ റോഡ് കോളനിയിലാണ് സംഭവം. രാഷ്ട്രീയ പാര്‍ട്ടികളൊ സന്നദ്ധ സംഘടനകളൊ ഉള്‍പ്പെടെ സ്വകാര്യ വ്യക്തികളോ സംഘടനകളൊ സന്നദ്ധ സേവനം നടത്തരുതെന്ന് കാസര്‍കോട് ജില്ലാകളക്ടര്‍ നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ നേട്ടവും നടത്താന്‍ ശ്രമിക്കുന്നത്.
ബിജെപിയുടെ മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറിയായിട്ടുളള ഉണ്ണികൃഷ്ണനും മറ്റ് നാല് ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് കോളനിയിലുള്ള ഒരു വീട്ടിലെത്തി സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയമായി പ്രത്യുപകാരം ആവശ്യപ്പെട്ടത്. സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ രാഷ്ട്രീയത്തിന്റെയൊ സമുദായത്തിന്റെയൊ നിറം കലര്‍ത്തരുതെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം മറികടന്നാണ് ഇവര്‍ നേട്ടം ചോദിച്ച് ഇറങ്ങിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. രൂക്ഷിമര്‍ശനമാണ് സോഷ്യല്‍മീഡിയയും നടത്തുന്നത്.
Discussion about this post